ന്യൂഡൽഹി: അശ്രദ്ധമായി വാഹനമോടിക്കുന്നതിന് മുന്നറിയിപ്പു നൽകിയ പൊലീസ് കോൺസ്റ്റബിളിന്റെ ബൈക്കിൽ കാർ കൊണ്ടിടിച്ച് കൊലപ്പെടുത്തി. ഔട്ടർ ഡൽഹിയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കാർ ഡ്രൈവർ കോൺസ്റ്റബിളിനെ ഇടിക്കുകയും ഏകദേശം 10 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു.
30 കാരനായ സന്ദീപ് ഡ്യൂട്ടി സമയത്ത് സിവിൽ വേഷത്തിൽ നംഗ്ലോയ് പോലീസ് സ്റ്റേഷനിൽനിന്ന് റെയിൽവേ റോഡിലേക്ക് പോകുമ്പോൾ വീണാ എൻക്ലേവിന് സമീപം പുലർച്ചെ 2.15 ഓടെയാണ് സംഭവം. അശ്രദ്ധമായി ഒരു കാർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സന്ദീപ് ഡ്രൈവറോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞതായി ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
പെട്ടെന്ന് വാഹനം വേഗത കൂട്ടുകയും കോൺസ്റ്റബിളിനെ പിന്തുടർന്ന് മോട്ടോർ സൈക്കിളിൽ ഇടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് പശ്ചിമ വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും മരിച്ചു. തലക്കേറ്റ പരിക്കാണ് മരണകാരണം.
സന്ദീപ് തെരുവിൽ ഇടത്തോട്ട് തിരിയുകയും വാഹനത്തിന്റെ വേഗത കുറക്കാൻ സൂചിപ്പിക്കുകയും ചെയ്യുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. അപകടംവരുത്തിയശേഷം പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച ശേഷം വാഹനം നിർത്തി. കാറിലുണ്ടായിരുന്ന രണ്ടു പേർ ഒളിവിലാണ്. ഭാരതീയ ന്യായ് സംഹിതയിലെ 103ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സന്ദീപിന് അമ്മയും ഭാര്യയും അഞ്ച് വയസ്സുള്ള മകനുമുണ്ട്. കുടുംബാംഗത്തിന്റെ ദാരുണമായ വേർപാടിൽ ദു:ഖിക്കുന്നതായി ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.