ന്യൂഡല്‍ഹി: രാജസ്ഥാനിലെ 'വനിതാ ഡോൺ' എന്നറിയപ്പെടുന്ന അനുരാധ ചൗധരിയെയും കുപ്രസിദ്ധ ഗ്യാങ്സ്റ്റർ കാലാ ജതേദിയെയും ഡൽഹി പൊലീസ് വലയിലാക്കിയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ. 12 സംസ്ഥാനങ്ങളിൽ നീണ്ടുനിന്ന ആ ഓപറേഷൻ ഡൽഹി പൊലീസ് ഇതുവരെ നടത്തിയ നീക്കങ്ങളിൽ ഏറ്റവും വലിയ ഒന്നാണ്. കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ഭൂമി തട്ടിയെടുക്കൽ, ക്വേട്ടഷൻ പ്രവർത്തനങ്ങൾ തുടങ്ങി ഒേട്ടറെ കേസുകളിൽ പ്രതികളാണ് ഇരുവരും. ഉത്തർപ്രദേശിലെ സഹരൻപുരിൽ വെച്ച് വെള്ളിയാഴ്ചയാണ് സന്ദീപ് എന്ന കാലാ ജതേദി അറസ്റ്റിലായത്. ശനിയാഴ്ച അനുരാധയും ഡൽഹി പൊലീസിന്‍റെ പ്രത്യേക വിഭാഗത്തിന്‍റെ വലയിലായി.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് കാലാ ജതേദി. ഇരുവരുടെയും അറസ്റ്റോടെ മൂന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിയന്ത്രണത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 2020 ഫെബ്രുവരിയിൽ ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കാലാ ജതേദി പിന്നീട് ഒളിവിൽ കഴിഞ്ഞ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഡൽഹി പൊലീസും ഹരിയാന പൊലീസും ഇയാളെ പിടിച്ചുകൊടുക്കുന്നവർക്ക് ആറ് ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
കുപ്രസിദ്ധ ഗ്യാങ്സ്റ്റർ നേതാക്കളായ പഞ്ചാബിലെ ലോറൻസ് ബിഷോണി, ഹരിയാനയിലെ സുബെ ഗുജ്ജാർ, രാജസ്ഥാനിലെ പരേതനായ ആനന്ദ് പാൽ സിങ് എന്നിവരുടെ പ്രധാന സഹായി ആയിരുന്നു കാലാ ജതേദി. ഡൽഹി പൊലീസിന്‍റെ മാത്രം 15 കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതിൽ കവർച്ച, കൊള്ളയടി, കൊലപാതകം എന്നിവയെല്ലാം ഉൾപ്പെടും. ജി.ടി.ബി ഹോസ്പിറ്റലിൽ നിന്ന് കുൽദീപ് ഫജ്ജ എന്ന കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കുൽദീപ് രക്ഷപ്പെട്ട് മൂന്ന് ദിവസത്തിനകം പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സാഗർ റാണ കൊലപാതക കേസിൽ അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെ അപായപ്പെടുത്താൻ കാലാ ജതേദി പദ്ധതിയിട്ടിരുന്നെന്നും പൊലീസ് പറയുന്നു. സുശീൽ കുമാർ സാഗർ റാണയെ മർദിക്കുന്നതിനിടെ പരിക്കേറ്റ സോനു മഹൽ ഇയാളുടെ അനന്തരവനാണ്. ഈ സംഭവത്തിനുശേഷം കാലാ ജതേദി സുശീൽ കുമാറിനെതിരെ വധഭീഷണി മുഴക്കിയിരുന്നു.
2017 ജൂണിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഡോൺ ആനന്ദ് പാൽ സിങിന്‍റെ അടുത്ത അനുയായി ആണ് 'വനിതാ ഡോൺ' എന്നറിയപ്പെടുന്ന അനുരാധ. തട്ടിക്കൊണ്ടുപോകൽ, ആയുധക്കടത്ത്, കള്ളക്കടത്ത്, വഞ്ചന തുടങ്ങി നിരവധി കേസുകളിൽ ഇവർ പ്രതിയാണ്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് രാജസ്ഥാൻ പൊലീസ് 10,000 രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു. 2020ൽ ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം കാലാ ജതേദിയും അനുരാധയും ഒരുമിച്ചാണ് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. പ്രമുഖ ക്രിമിനലുകളായ കാലാ റാണ, ഗോൾഡി ബ്രാർ, മോണ്ടി എന്നിവർക്കുവേണ്ടിയാണ് ഇരുവരും അടുത്തിടെയായി പ്രവർത്തിച്ചിരുന്നത്.ഗോൾഡി ബ്രാർ കാനഡയിൽ നിന്നും മോണ്ടി യു.കെയിൽ നിന്നുമാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ അധോലോക പ്രവർത്തനങ്ങൾ ഇവരാണ് നടത്തിയിരുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇവർ 20ഓളം എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ. പൊലീസിന്‍റെ അന്വേഷണം വഴി തെറ്റിക്കുന്നതിന് വേണ്ടി കാലാ ജതേദി ഇന്ത്യ വിട്ടുവെന്ന പ്രചാരണം സംഘാംഗങ്ങൾ നടത്തിയിരുന്നു. താടി വളർത്തി, തലപ്പാവ് വെച്ച് സിഖുകാരൻ ചമഞ്ഞാണ് കാലാ ജതേദി നടന്നിരുന്നത്. ജതേദിയും അനുരാധയും ദമ്പതികളാണെന്ന രേഖയുണ്ടാക്കിയാണ് വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞിരുന്നത്.
ഡൽഹി സ്പെഷൽ സെല്ലിന്‍റെ കൗണ്ടർ ഇന്‍റലിജൻസ് വിഭാഗമാണ് എ.സി.പി രാഹുൽ വിക്രമിന്‍റെ മേൽനോട്ടത്തിലും ഇൻസ്പെക്ടർമാരായ വിക്രം ദഹിയ, സന്ദീപ് ദബാസ് എന്നിവരുടെ നേതൃത്വത്തിലും ഇരുവരെയും വലയിലാക്കിയത്. ഒന്നര വർഷത്തോളം നീണ്ട അന്വേഷണത്തെ തുടർന്നായിരുന്നു ഇത്. ഗോവ, ഗുജറാത്ത്,മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്,പഞ്ചാബ്, ഹരിയാന, ഉത്തരഖണ്ഡ് എന്നിവിടങ്ങളിലേക്ക് അന്വേഷണം നീണ്ടു. 'ഒ.പി ഡി-24' എന്നാണ് ഈ ഓപറേഷന് ഡൽഹി പൊലീസ് പേരിട്ടത്. ഒടുവിൽ സഹരൻപുരിലെ സർസവ ടോളിന് സമീപം ഒരു കുറ്റകൃത്യത്തിനായി എത്തിയ കാലാ ജതേദിയെയും പിന്നീട് അനുരാധയെയും കുടുക്കുകയായിരുന്നെന്ന് ഡൽഹി പൊലീസ് രഹസ്യാന്വേഷണവിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ മാനിഷി ചന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.