സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ഉമർ ഖാലിദ്; എതിർത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്‍റെ പേരിൽ​ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്. ഉമർ ഖാലിദിന് ജാമ്യം നൽകിയാൽ സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഹരജിയിൽ 29ന് അഡി. സെഷൻസ് കോടതി തീരുമാനമെടുക്കും.

ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. തുടർന്നാണ്, അടുത്ത മാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടാഴ്ച ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

യു.എ.പി.എ ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങളുള്ള ഉമർ ഖാലിദിന് ജാമ്യം നൽകരുതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയുടെ വിവാഹത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാൻ ഉമർ ഖാലിദിന്‍റെ രക്ഷിതാക്കൾക്ക് ശേഷിയുണ്ട്. ജാമ്യത്തിൽ വിട്ടാൽ സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകൾ പരത്താനുള്ള സാധ്യത വളരെയേറെയാണ്. ഇത് സമൂഹത്തിൽ അസ്വസ്ഥതകളുണ്ടാക്കും. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കും -പൊലീസ് കോടതിയെ അറിയിച്ചു.

ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

ഡൽഹിയിലെ ജാമിഅയിലും വടക്കുകിഴക്കൻ ഡൽഹിയിലും പൗരത്വ ബില്ലിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വ്യാപക പ്രതിഷേധം നടന്നിരുന്നു. തുടർന്ന്, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടന്ന സംഘർഷത്തിലും വംശഹത്യയിലും 53 പേർ മരിക്കുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  

Tags:    
News Summary - Delhi Police Opposes Umar Khalid's Interim Bail Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.