ബംഗളൂരു: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ (39) ബംഗളൂരു ഡി.ജെ ഹള്ളിയിലെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കസ്റ്റഡിയിലുള്ള സുബൈറിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു റെയ്ഡ്.
ട്വീറ്റിനുപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ കണ്ടെത്താനായിരുന്നു റെയ്ഡെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പരിശോധന വിവരങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. സുബൈറിന്റെ ബാങ്ക് അക്കൗണ്ടും ഇടപാടുകളും സംബന്ധിച്ച് വിവിധ ബാങ്കുകളിൽനിന്ന് അന്വേഷണസംഘം വിവരം തേടിയിട്ടുണ്ട്. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദധാരി കൂടിയാണ് സുബൈർ. ബംഗളൂരുവിലെ കോളജിലായിരുന്നു പഠനം.
റെയ്ഡിനായി വ്യാഴാഴ്ച പുലർച്ചയാണ് നാലംഗ പൊലീസ് സംഘം സുബൈറിനൊപ്പം ഡൽഹിയിൽനിന്ന് തിരിച്ചത്. രാവിലെ 11.30ഓടെ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് തിരിച്ച സംഘം ഉച്ചയോടെ കെ.ജി ഹള്ളിയിലെ വസതിയിലെത്തി. 2018ൽ ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുബൈറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ട്വീറ്റിലൂടെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഐ.പി.സി 153 എ, 295 എ വകുപ്പുകൾ ചുമത്തി.
ഡൽഹി പൊലീസിനെ ടാഗ് ചെയ്തുള്ള പ്രസ്തുത ട്വീറ്റ് ഡിലീറ്റ് ചെയ്തനിലയിലാണ്. ചൊവ്വാഴ്ച ഡൽഹി പാട്യാല ഹൗസ് കോടതി സുബൈറിനെ ചോദ്യംചെയ്യാൻ നാലുദിവസത്തേക്ക് കസ്റ്റഡി അനുമതി നൽകിയിരുന്നു. ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നുമുള്ള പൊലീസിന്റെ വാദം പരിഗണിച്ചായിരുന്നു അനുമതി.
എന്നാൽ, ഇതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ദ ഗ്രാവർ ഡൽഹി ഹൈകോടതിയിലെ അവധിക്കാല ബെഞ്ചിന് മുമ്പാകെ വ്യാഴാഴ്ച ഹരജി നൽകി. ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ഈ മാസം രണ്ടിന് സുബൈറിന്റെ റിമാൻഡ് കാലാവധി അവസാനിക്കും.
ന്യൂഡൽഹി: 2018ലെ ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ തന്റെ പൊലീസ് കസ്റ്റഡി ചോദ്യം ചെയ്ത് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ജൂൺ 28നാണ് വിചാരണ കോടതി സുബൈറിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
സുബൈറിനുവേണ്ടി അഭിഭാഷക വൃന്ദ ഗ്രോവർ നൽകിയ ഹരജി ജസ്റ്റിസ് സഞ്ജീവ് നരുല വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി ജൂൺ 27നാണ് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ആദ്യം ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി അതിന്റെ കാലാവധി തീർന്ന മുറക്ക് നാലുദിവസം കൂടി കസ്റ്റഡി നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.