ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാക്രമണത്തിൽ ഒമ്പതു മുസ്ലിംകൾ കൊല്ലപ്പെട്ടത് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിനെ തുടർന്നാണെന്ന് ഡൽഹി പൊലീസ് കുറ്റപത്രം. അക്രമകാരികളെ ഏകോപിപ്പിക്കാൻ ‘കട്ടർ ഹിന്ദുത് ഏക്ത’ എന്ന വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ജൂൺ 29ന് ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റിനാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ആളുകളെ പിടികൂടി പേര്, വിലാസം എന്നിവ ചോദിച്ച് മതം കണ്ടെത്തിയശേഷം ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഇതിനു വിസമ്മതിച്ചവരെ മർദിച്ച് അവശരാക്കി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. ഹംസ, ആമിൻ, അലി, മുർസലിൻ, ആസ് മുഹമ്മദ്, മുഷ്റഫ്, അകിൽ അഹ്മദ്, ഹാഷിം അലി, ആമിർ ഖാൻ എന്നിവരാണ് ഫെബ്രുവരി 25നും 26നും ഇടയിൽ ഭാഗീരഥി വിഹാറിൽ കൊല്ലപ്പെട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഫെബ്രുവരി 25ന് ഉച്ചയോടെയാണ് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയത്. തുടക്കത്തിൽ 125 അംഗങ്ങൾ ഉണ്ടായിരുന്നു. മാർച്ച് എട്ടോടെ 47 പേർ ഗ്രൂപ്പിൽനിന്ന് പുറത്തുപോയി. ജതിൻ ശർമ, റിഷഭ് ചൗധരി, വിവേക് പഞ്ചാൽ, ലോകേഷ് സോളങ്കി, പങ്കജ് ശർമ, പ്രിൻസ്, സുമിത് ചൗധരി, അങ്കിത് ചൗധരി, ഹിമാൻഷു താക്കൂർ എന്നിവരടങ്ങുന്ന സംഘമാണ് ഭാഗീരഥി വിഹാർ, ഗംഗാവിഹാർ എന്നിവിടങ്ങളിൽ ആക്രമണത്തിൽ പങ്കെടുത്തതെന്ന് കുറ്റപത്രത്തിലുണ്ട്. പ്രതികളിലൊരാളായ ലോകേഷ് സോളങ്കി ‘കട്ടർ ഹിന്ദുത് ഏക്ത’ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ അയച്ച സേന്ദശവും കുറ്റപത്രത്തിൽ എടുത്തു പറയുന്നു.
‘ഏതെങ്കിലും ഹിന്ദുവിന് ബാക്കപ്പ് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക. ആളുകളും ആയുധങ്ങളും നമ്മുടെ അടുത്തുണ്ട്. എെൻറ ടീമിെൻറ സഹായത്തോടെ ഭാഗീരഥി വിഹാർ പ്രദേശത്ത് ഞാൻ രണ്ട് മുസ്ലിംകളെ കൊന്ന് വലിച്ചെറിഞ്ഞു’ എന്നായിരുന്നു സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.