ന്യൂഡൽഹി: കേന്ദ്രസർക്കാറിനൊപ്പമാണെന്ന് പറയാനാണ് ഡൽഹി വംശീയാതിക്രമ വിചാരണയിലേക്ക് തങ്ങളെ വലിച്ചിഴച്ചതെന്ന് 'ഫേസ്ബുക്ക്' സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സമിതിക്ക് മുമ്പാകെ ഹാജരാകാൻ ഫേസ്ബുക്കിന് തടസ്സമില്ലെന്ന് അറിയാമെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയപ്പോൾ താൽപര്യമില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ഡൽഹി വംശീയാതിക്രമ വേളയിൽ കലാപം പടർത്താൻ ഫേസ്ബുക്ക് വഹിച്ച പങ്ക് അന്വേഷിക്കുന്നതിൽ നിന്ന് ഡൽഹി നിയമസഭ സമിതിയെ തടയണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിന് വേണ്ടി അജിത് മോഹൻ സമർപ്പിച്ച ഹരജിയിലാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഈ വാദമുയർത്തിയത്.
ഡൽഹി വംശീയാതിക്രമ കേസിലെ കുറ്റപത്രത്തിൽ ഫേസ്ബുക്കിനെ കലാപകാരികൾക്കൊപ്പം കൂട്ടുപ്രതിയാക്കണം എന്നാണ് സമാധാനത്തിനും സൗഹാർദത്തിനുമുള്ള നിയമസഭ സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടതെന്ന് ഹരീഷ് സാൽവെ ബോധിപ്പിച്ചു. നിയമസഭക്കുള്ള വിശേഷാധികാരം നിയമസഭ സമിതിക്കില്ലെന്ന് സാൽവെ വാദിച്ചു. അതിനാൽ ഫേസ്ബുക്ക് മേധാവികൾ ഡൽഹി നിയമസഭ സമിതിക്ക് ഹാജരാകേണ്ടതില്ല. ഫേസ്ബുക്ക് ഇന്ത്യക്ക് വേണ്ടി ഹരജി സമർപ്പിച്ച അജിത് മോഹൻ ഫേസ്ബുക്ക് നടത്തിപ്പുകാരനല്ല. അമേരിക്കൻ കമ്പനിക്ക് വേണ്ടി പണിയെടുക്കുന്ന ആളാണ്. ഇന്ത്യ ഗവൺമെൻറിനെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയാൽ അദ്ദേഹം പ്രശ്നത്തിലാകും.
അമേരിക്കയിലെ വാൾസ്ട്രീറ്റ് ജേണലിൽ ഫേസ്ബുക്കിനെതിരെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ഡൽഹി നിയമസഭ സമിതി ആദ്യ സമൻസ് അയക്കുന്നതെന്ന് സാൽവെ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് ഇന്ത്യ മുൻ മേധാവി അങ്കിദാസ് കേന്ദ്രസർക്കാർ അജണ്ട നടപ്പാക്കിയെന്നായിരുന്നു ആരോപണങ്ങൾ. ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയമായ സ്വഭാവമുള്ളതാണ്. സമൂഹത്തിൽ സ്നേഹവും സമാധാനവും സൗഹാർദവും ഉണ്ടാക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കം ചെയ്തതും ഡൽഹി നിയമസഭ സമിതിയുടെ ശ്രദ്ധയിൽപെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് സാൽവെ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.