ന്യൂഡൽഹി: സിവിൽ സർവിസസ് പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറിയിൽ മലിനജലം ഒഴുകിയെത്തി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ. രണ്ടാഴ്ചക്കകം വിശദ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കമീഷൻ ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമീഷണർക്കും മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി (എം.സി.ഡി) കമീഷണർക്കും നോട്ടീസയച്ചു.
പ്രദേശത്തെ മറ്റു സമാന പരിശീലന കേന്ദ്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരം സംബന്ധിച്ച് സർവേ നടത്തണമെന്നും നിർദേശമുണ്ട്. ബുധനാഴ്ചയും രജീന്ദര്‍ നഗർ മേഖലയിൽ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന കൂടുതൽ പരിശീലന കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടി. 100ലധികം പരിശീലനകേന്ദ്രങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതിനിടെ, കാന തകരുന്നതിനുമുമ്പ് കോച്ചിങ് സെന്ററിന് മുന്നിലെ വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവർ മനൂജ് കഥൂരിയ ചൊവ്വാഴ്ച കോടതിയിൽ ജാമ്യാപേക്ഷ നൽകി. അശ്രദ്ധമായി വാഹനമോടിച്ചതാണ് ഓട തകർന്ന് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളമൊഴുകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജാമ്യാപേക്ഷയെ എതിർത്തു. ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
കേസിൽ ഇതുവരെ അറസ്റ്റിലായ ഏഴുപേർ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എറണാകുളം സ്വദേശി നവീന്‍ ഡാല്വിന് ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപവത്കരിച്ച അന്വേഷണ സമിതി 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലഫ്. ഗവർണർ വി.കെ. സക്സേന മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.