ന്യൂഡൽഹി: ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റുചെയ്ത ഡൽഹി സർവകലാശാല വിദ്യാർഥിയടക്കം രണ്ടുപേർക്ക് കോടതി ജാമ്യം അനുവദിച്ചു. മാസങ്ങളോളം ജയിലിൽ കിടന്ന ഗുൽഫം, ജാവേദ് എന്നിവർക്കാണ് ചൊവ്വാഴ്ച ജാമ്യം ലഭിച്ചത്.
ഇവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എന്താണ് ഇവർ ചെയ്ത കുറ്റം എന്നുപോലും വ്യക്തമാക്കിയിട്ടില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് അഡീഷനൽ സെഷൻ ജഡ്ജി വിനോദ് യാദവ് വ്യക്തമാക്കി.
ഡൽഹി സർവകലാശാല വിദ്യാർഥിയായ ഗുൽഫമിനെ മേയ് മാസത്തിലും ജാവേദിനെ ജൂലൈയിലുമാണ് പൊലീസ് അറസ്റ്റുചെയ്തത്. കലാപത്തിൽ ഗുൽഫമിന് പങ്കുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതിനെതിരെ വിമർശനം ഉയരുന്നതിനിടയിലാണ് എഫ്.െഎ.ആർ പോലും രജിസ്റ്റർ ചെയ്യാതെ വിദ്യാർഥി മാസങ്ങളോളം ജയിലിൽ കിടന്ന വാർത്ത പുറത്തുവരുന്നത്.
അതേസമയം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതെന്ന് ജാമ്യത്തെ എതിർത്ത് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.