ലഖ്നോ: ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിന് പകരമായി അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ നൽകിയ അഞ്ചേക്കർ സ്ഥലം തന്റെ കുടുംബത്തിന്റേതാണെന്ന് അവകാശപ്പെട്ട് വനിത രംഗത്ത്.
ഡൽഹി സ്വദേശിനിയായ റാണി പഞ്ചാബിയാണ് ഭൂമിക്കുമേൽ അവകാശവാദവുമായി രംഗത്തെത്തിയത്. ഭൂമിയുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
ബാബരി മസ്ജിദ് കേസിൽ 2019ലെ സുപ്രീംകോടതി വിധി അനുസരിച്ച് ഭരണകൂടം പള്ളി നിർമിക്കാൻ സുന്നി സെൻട്രൽ വഖഫ് ബോർഡിന് അയോധ്യയിലെ ധാനിപൂർ ഗ്രമത്തിലാണ് അഞ്ചേക്കർ സ്ഥലം അനുവദിച്ചത്. ഈ സ്ഥലം തന്റെ കുടുംബത്തിനവകാശപ്പെട്ട 28.35 ഏക്കറിൽ പെട്ടതാണെന്നാണ് റാണി പഞ്ചാബിയുടെ വാദം.
ഇതിന്റെ എല്ലാ രേഖകളും കൈവശമുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, റാണി പഞ്ചാബിയുടെ വാദം തെറ്റാണെന്നും അലഹബാദ് ഹൈകോടതി ഇവരുടെ അവകാശവാദം നേരത്തേ തള്ളിയതാണെന്നും മസ്ജിദ് നിർമാണത്തിന് രൂപവത്കരിച്ച ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് തലവൻ സുഫർ ഫാറൂഖി പറഞ്ഞു. ഒക്ടോബറിൽ പള്ളി നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.