ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും ഡൽഹിയിലെ വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയിൽ. ഞായറാഴ്ച വൈകീട്ട് 24 മണിക്കൂറിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് 259 ആയിരുന്നു. ദീപാവലിക്ക് തലേദിവസത്തെ എ.ക്യു.ഐ ഏഴുവർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ പടക്കം പൊട്ടിക്കാൻ കൂടി തുടങ്ങിയതോടെ രാത്രിയിൽ മലിനീകരണ നിരക്ക് വീണ്ടും ഉയർന്നു. തിങ്കളാഴ്ച രാവിലെ ആറിന് 298 ആണ് ഡൽഹിയിലെ എയർ ക്വാളിറ്റി. സിറ്റിയിലെ 35 എയർ ക്വാളിറ്റി നിരീക്ഷണ കേന്ദ്രങ്ങളിൽ 19 എണ്ണവും വളരെ മോശം അവസ്ഥയാണ് അന്തരീക്ഷത്തിനെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം, ആനന്ദ് വിഹാറിൽ വളരെ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ട് ചെയ്യുന്നു.
സമീപ നഗരങ്ങളായ ഗാസിയാബാദ് - 300, നോയിഡ - 299, ഗ്രേറ്റർ നോയിഡ -282, ഗുരുഗ്രാം -249, ഫരീദാബാദ് -248 എന്നിവിടങ്ങളിലും വായു മലിനീകരണം വളരെ മോശം അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ.
എയർ ക്വാളിറ്റി ഇൻഡക്സ് പൂജ്യത്തിനും 50നും ഇടയിലാണെങ്കിൽ നല്ലത്, 51 നും 100നും ഇടയിൽ തൃപ്തികരം, 101നും 200നും ഇടയിൽ മിതം, 201നും 300 നും ഇടയിൽ മോശം, 301നും 400നും ഇടയിൽ വളരെ മോശം, 401നും 500നും ഇടയിൽ ഗുരുതരം എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.