രാംപൂർ: മഹാരാഷ്ട്രയിൽ ശിവസേന എം.എൽ.എ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ രൂക്ഷവിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ. ജനാധിപത്യം തകിടം മറിഞ്ഞു എന്നും ജനങ്ങൾ അന്ധരും മൂകരും ബധിരരുമാവാൻ നിർബന്ധിതരാവുന്നു എന്നും അദ്ദേഹം ആരോപിച്ചു.
' രാംപൂരും മഹാരാഷ്ട്രയിലും എന്താണ് സംഭവിച്ചത്. സാധാരണക്കാർ ബധിരരും മൂകരും അന്ധരും ആകാൻ നിർബന്ധിതരാകുമ്പോൾ ഇതുപോലൊരു ജനാധിപത്യത്തിൽ എന്ത് സംസാരിക്കാനാണ്. അതിൽ ദുഃഖം പ്രകടിപ്പിക്കുക മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക'- അസം ഖാൻ പറഞ്ഞു. കൂടാതെ മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് കാരണക്കാരായവർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കഴിഞ്ഞ ദിവസമാണ് ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഷിൻഡെക്കൊപ്പം ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് ബി.ജെ.പിയുടെ 106 പേരുടെയും 39 വിമതരുടെയും സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 16 എം.എ.എമാരുടെയും പിന്തുണ കത്ത് നൽകിയതിനു പിന്നാലെയാണ് ഷിൻഡെയെ മുഖ്യമന്ത്രിയായി ഫഡ്നാവിസ് പ്രഖ്യാപിച്ചത്. അതേസമയം വിശ്വാസവോട്ട് നേടാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.