ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ ഷാഹി ഈദ് ഗാഹ് പള്ളിക്കും ‘കൃഷ്ണ ജന്മഭൂമി’ക്കും പിറകിലെ മുസ്ലിം ഭൂരിപക്ഷ കോളനിയിൽ റെയിൽവേ അധികൃതർ വീടുകൾ ഇടിച്ചുനിരത്തുന്നതു തടഞ്ഞ് തൽസ്ഥിതി നിലനിർത്താൻ പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടിയില്ല.
ഇടിച്ചുനിരത്തൽ പൂർത്തിയാക്കിയെന്ന് റെയിൽവേ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൽസ്ഥിതി നിലനിർത്താനുള്ള ഉത്തരവ് നീട്ടാൻ ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചത്.
ഈ മാസം ഒമ്പതിനാണ് മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനു പിറകിലെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന കോളനിയായ നയീ ബസ്തി, അനധികൃതമായി കൈയേറിതാണെന്നുപറഞ്ഞ് റെയിൽവേയും ജില്ല ഭരണകൂടവും യു.പി പൊലീസും ചേർന്ന് ഇടിച്ചുനിരത്താൻ തുടങ്ങിയത്.
തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ ജൂണിൽ സമർപ്പിച്ച ഹരജി മഥുര കോടതിയുടെ പരിഗണനയിലിരിക്കേയായിരുന്നു, മഥുര-വൃന്ദാവൻ നാരോഗേജ് ബ്രോഡ്ഗേജ് ആക്കാനാണെന്ന് പറഞ്ഞുള്ള റെയിൽവേയുടെ നടപടി. കേവലം മൂന്നുദിവസമാണ് നയീ ബസ്തിയിലുള്ളവർക്ക് സാധനങ്ങൾ മാറ്റാനും വീടൊഴിയാനും സമയം അനുവദിച്ചിരുന്നത്.
ഉത്തർപ്രദേശിലെ കോടതികളെല്ലാം അടച്ചിട്ട സാഹചര്യം ഉപയോഗിച്ച് ഇടിച്ചുനിരത്തൽ തുടർന്നതോടെയാണ് അടിയന്തരമായി ഇടപെടാൻ യാകൂബ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. 200 വീടുകളുള്ള ഭാഗത്ത് കേവലം 80ഓളം വീടുകൾ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും ബാക്കിയെല്ലാം ഇതിനകം ഇടിച്ചുനിരത്തിയെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്തോ ചന്ദ്ര സെൻ ബോധിപ്പിച്ചു.
ഇപ്പോൾ തടഞ്ഞില്ലെങ്കിൽ ഹരജിക്ക് ഒരു പ്രസക്തിയുമില്ലാതാകുമെന്നുകൂടി അഭിഭാഷകൻ ബോധിപ്പിച്ചതോടെ ഇടിച്ചുനിരത്തൽ അവസാനിപ്പിച്ച് 10 ദിവസത്തേക്ക് തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, സഞ്ജയ് കുമാർ, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഇടക്കാല ആശ്വാസം നൽകുകയായിരുന്നു.
എന്നാൽ, വെള്ളിയാഴ്ച കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഇടിച്ചുനിരത്തൽ ബാധിക്കാത്ത തർക്കസ്ഥലത്ത് താമസക്കാരനല്ലാത്ത ഹരജിക്കാരൻ യാകൂബ് ഷാ ഹരജിയുമായി വന്നത് ബെഞ്ച് ചോദ്യം ചെയ്തു. റെയിൽവേ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ ഹരജിക്കാരനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി ഹരജി തിങ്കളാഴ്ചയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.