ഗുരുഗ്രാം: ഹരിയാനയിലെ നൂഹിലെ പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ പഞ്ചാബ് - ഹരിയാന ഹൈകോടതി ഉത്തരവിട്ടു. പൊളിക്കൽ നടപടികൾ നാലു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹരജി ഹൈകോടതി പരിഗണിച്ചത്.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു. നോട്ടീസ് പോലും നൽകാതെയാണ് ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതെന്ന് ഹരജിയിൽ പറഞ്ഞിരുന്നു.
നൂഹിൽ വർഗീയ സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് യു.പി മോഡൽ പൊളിക്കൽ നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയത്. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരികളും കടകളും തകർത്ത അധികൃതർ കഴിഞ്ഞ ദിവസം മൂന്നുനിലയുള്ള സഹാറ ഹോട്ടൽ ഉൾപ്പെടെ 16-ഓളം സ്ഥാപനങ്ങൾ തകർത്തിരുന്നു. നിയമവിരുദ്ധമായാണ് നിർമാണമെന്നും വി.എച്ച്.പി ജാഥക്ക് നേരെ കല്ലേറുനടന്നത് ഈ കെട്ടിടങ്ങളിൽനിന്നാണെന്നുമാണ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അശ്വനികുമാർ പറഞ്ഞത്.
ടൗരു പട്ടണത്തിൽ സർക്കാർ ഭൂമിയിൽ കഴിയുന്ന ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ 250ഓളം കുടിലുകൾ അധികൃതർ ഇടിച്ചുനിരത്തിയിരുന്നു. നൽഹാർ മെഡിക്കൽ കോളജിന് ചുറ്റുമുള്ള 2.6 ഏക്കർ ഭൂമി ഉൾപ്പെടെ 12 സ്ഥലങ്ങളിലെ നിർമാണവും ജില്ല ഭരണകൂടം തകർത്തിരുന്നു.
ഇന്നലെ, നൂഹിലെ കർഫ്യൂവിൽ മൂന്നുമണിക്കൂർ ഇളവ് നൽകിയിരുന്നു. എന്നാൽ, ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നാളെ വരെ നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.