നോട്ടു നിരോധനം വൻദുരന്തമായിരുന്നുവെന്ന് മമതയും രാഹുലും

ന്യൂഡൽഹി: നോട്ട് നിരോധം പ്രഖ്യാപിച്ച് ഒന്‍പത് മാസത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന റിസര്‍വ് ബാങ്കിന്‍റെ കണക്കുകൾ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. നോട്ടു നിരോധിച്ച നടപടിയിൽ പ്രധാനമന്ത്രി മാപ്പ് പറ‍യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

നമ്മുടെ സാമ്പത്തിക സുസ്ഥിരതയെ തകിടം മറിക്കുകയും നിഷ്കളങ്കരായ മനുഷ്യരുടെ ജീവൻ ബലികൊടുക്കുകയും ചെയ്ത നോട്ട് നിരോധനത്തിന്‍റെ ഉത്തരവാദിത്തം പ്രധാനമന്ത്രി തന്നെ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ആർ.ബി.ഐ എന്ന സ്ഥാപനത്തിന്‍റെ പരിശുദ്ധിയിൽ കളങ്കം വരുത്തിയതിന് മാത്രമല്ല, വിദേശരാജ്യങ്ങളിൽ ഇന്ത്യക്കുള്ള വിശ്വാസ്യത നിലനിർത്താനും പ്രധാനമന്ത്രി മാപ്പ് പറയേണ്ടതാണെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി.

നോട്ടു നിരോധനമെന്ന മോദിയുടെ ദേശീയ വിരുദ്ധ നടപടിയിൽ ജനങ്ങൾ ഒരിക്കലും മാപ്പ് കൊടുക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. നടപടി ഇന്ത്യുടെ സാമ്പത്തിക സുരക്ഷിതത്വത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഇത് വലിയ അഴിമതിയാണെന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായി മമത ബാനർജിയുടെ അഭിപ്രായം. രാജ്യത്തിന്‍റെ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുത്തുകയും നൂറുകണക്കിന് മനുഷ്യർ മരിക്കുകയും ചെയ്ത സംഭവത്തെ പിന്നെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നും അവർ ഫേസ്ബുക്കിലൂടെ ചോദിച്ചു.

രാജ്യത്തെയും പാർലമെന്‍ററി പാനലിനെയും തെറ്റിദ്ധരിപ്പിച്ച ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേൽ ഗുരുതരമായ ചട്ടലംഘനം നടത്തിയതായി സമാജ് വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ പറഞ്ഞു.
 

Tags:    
News Summary - Demonetisation-Colossal disaster, says Rahul; Mamata calls it a big scam-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.