ചണ്ഡിഗഡ്: നിയമസഭ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ തുടങ്ങിയ പഞ്ചാബിൽ കോൺഗ്രസിനെ വെട്ടിലാക്കി മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ ഇളയ സഹോദരൻ. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സഹോദരൻ ഡോ. മനോഹർ സിങ്, ബസ്സി പത്താന മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഒരു കുടുംബം, ഒരു സീറ്റ് എന്ന കോൺഗ്രസ് നയത്തെ തുടർന്നാണ് മനോഹറിന് സീറ്റ് കിട്ടാത്തത്. പഞ്ചാബിലെ പുവാദ് മേഖലയിലാണ് ബസ്സി പത്താന മണ്ഡലം. മേഖല ചന്നിയുടെയും അനുയായികളുടെയും ഉരുക്കുകോട്ടയാണ്. സഹോദരന്‍റെ പ്രഖ്യാപനത്തോട് ചന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ചയാണ് കോൺഗ്രസ് 86 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചത്. സിറ്റിങ് എം.എൽ.എ ഗുർപ്രീത് സിങ് ജി.പി തന്നെയാണ് ബസ്സി പത്താന മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. ഗുർപ്രീതിന് കോൺഗ്രസ് ടിക്കറ്റ് നൽകിയത് മണ്ഡലത്തിലെ ജനങ്ങളോടുള്ള അനീതിയാണെന്ന് മനോഹർ സിങ് പറഞ്ഞു.
സിറ്റിങ് നിയമസഭാംഗം പ്രാപ്തിയില്ലാത്തവനും കാര്യക്ഷമതയില്ലാത്തവനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്രനായി മത്സരിച്ച് സിറ്റിങ് കോൺഗ്രസ് എം.എൽ.എയുടെ പരാജയം ഉറപ്പാക്കുമെന്ന് മനോഹർ സിങ് അനുയായികളോട് പറഞ്ഞു. ഫെബ്രുവരി 14നാണ് പഞ്ചാബിൽ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.