ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. അന്തരീക്ഷം മൂടൽ മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. ഇന്നലെ രേഖപ്പെടുത്തിയ താഴ്ന്ന താപനില 2.5 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലെ വായു നിലവാര സൂചിക 450 കടന്നു കഴിഞ്ഞു. ഇത് ഏറെ അപകടകരമായ നിലയാണ്. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ഞായറാഴ്ച രാത്രി 11.30ന് മൂടൽ മഞ്ഞ് നിറഞ്ഞ് കാഴ്ച മറഞ്ഞ് കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ കാറപകടത്തിൽ ആറ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മൂടൽ മഞ്ഞ് നിറഞ്ഞതിനാൽ ഡൽഹി റയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും ഉൾപ്പെടെ മൂടൽ മഞ്ഞ് കനത്ത് കാഴ്ച മറഞ്ഞതോടെ ട്രെയിൻ സർവീസുകളിൽ പലതും വൈകി ഓടുകയാണ്. 30ഓളം ട്രെയിനുകളാണ് വൈകി ഓടുന്നത്. എന്നാൽ സർവീസുകൾ റദ്ദാക്കിയിട്ടില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ വിമാനത്താവളത്തിൽ നിന്നുള്ള സാധാരണ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മൂന്ന് വിമാനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. യാത്ര ചെയ്യുന്ന വിമാനത്തെ കുറിച്ചുള്ള പുതുക്കിയ വിവരങ്ങളറിയാൻ യാത്രക്കാർ വിമാന അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ തുടരുന്നതിനാൽ ജനങ്ങളോട് പുറംപണികളിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡൽഹിയിലെ കാളിന്ദി ഗഞ്ച്, മയൂർ വിഹാർ ഫേസ് 1, ആർ.കെ. പുരം, ഡൽഹി കേൻറാൺമെൻറ് മേഖല എന്നിവിടങ്ങളിൽ മൂടൽ മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. അതിശൈത്യത്തിൽ വലഞ്ഞ ഭവനരഹിതർക്ക് വിവിധ രാത്രികാല പാർപ്പിടങ്ങളിൽ അഭയം നൽകിയിട്ടുണ്ട്. ജനുവരി മൂന്ന് വരെ നിലവിലുള്ള കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.