ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു; ട്രെയിൻ,വ്യോമഗതാഗതം താളംതെറ്റി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മൂടൽമഞ്ഞ് തുടരുന്നത്. ജനുവരി നാല് വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അസമിലെ ജോർഹാട്ട്, പഞ്ചാബിലെ പത്താൻകോട്ട്, ബാത്തിനഡ, ജമ്മുകശ്മീരിലെ ജമ്മു, യു.പിയിലെ ആഗ്ര എന്നിവിടങ്ങളിൽ സീ​റോ വിസിബിലിറ്റിയാണ്. ഹരിയാനയിലെ അംബാലയിൽ 25 മീറ്റർ മാത്രമാണ് കാഴ്ചപരിധി. രാജസ്ഥാനിലെ ബിക്കാനീർ, പഞ്ചാബിലെ പട്യാല, ഛണ്ഡിഗഢ്, മധ്യപ്രദേശിലെ ഗ്വാളിയോർ, യു.പിയിലെ ഝാൻസി എന്നിവിടങ്ങളിൽ 50 മീറ്ററാണ് കാഴ്ചപരിധിയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഉത്തരേന്ത്യൻ നഗരങ്ങളിൽ കാഴ്ചപരിധി കുറ​ഞ്ഞതോടെ നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. വിമാനസർവീസുകളേയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കാഴ്ചപരിധി 600 മീറ്ററായി കുറഞ്ഞു. ഇത് 800 മീറ്ററിലേക്ക് മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

അടുത്ത ദിവസങ്ങളിൽ പല ഉത്തരേന്ത്യൻ നഗരങ്ങളിലും കുറഞ്ഞ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയായി കുറയുമെന്നും പ്രവചനമുണ്ട്. ജമ്മുകശ്മീർ, ലഡാക്ക്, ജിൽജിത്, ബാൾട്ടിസ്താൻ, മുസഫർബാദ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. യു.പി, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്. 

Tags:    
News Summary - Dense fog to remain in North India till Jan 4, train, flight operations affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.