ന്യൂഡൽഹി: ഭർത്താവിനെയും കുടുംബത്തെയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള വാക്കുകൾ ഭാര്യ നിരന്തരം ഉപയോഗിക്കുന്നത് ക്രൂരതയായി കണക്കാക്കുമെന്നും വിവാഹമോചനത്തിന് കാരണമാകാമെന്നും ഡൽഹി ഹൈകോടതി.
കുടുംബകോടതിയിൽ തന്റെ വിവാഹമോചന വിധയെ ചോദ്യം ചെയ്ത് ഒരു വനിത നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം.
തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിലനിൽക്കാത്തവയാണെന്നും അവ ഏത് തീയതിയിൽ നടന്നുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും യുവതി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജീവ് സച്ദേവ, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
എല്ലാ ആളുകൾക്കും അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാൻ അവകാശമുണ്ട്. നിരന്തരമായ അധിക്ഷേപം കേട്ട് ആരും ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(ia) പ്രകാരം തെളിയിക്കപ്പെട്ടിട്ടുള്ള ക്രൂരതയാണിതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ, ഹരജി അനുവദിക്കുകയും വിവാഹമോചനം നൽകുകയും ചെയ്തതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി അപ്പീൽ തള്ളി.
‘ഓരോ വ്യക്തിക്കും അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാൻ അർഹതയുണ്ട്. പരാതിയിൽ ഉന്നയിച്ച വാക്കുകൾ ഒരു വ്യക്തിക്കെതിരെ ഉപയോഗിക്കുന്നത് വളരെ നിന്ദ്യവും അപമാനകരവുമാണ്.
വഴക്കുണ്ടാകുമ്പോഴെല്ലാം ഭാര്യ തന്നെയും കുടുംബത്തെയും അപമാനിക്കാൻ ആ വാക്കുൾ ഉപയോഗിക്കുമെന്നാണ് ഭർത്താവിന്റെ വാദം. നിരന്തരം ഈ വാക്കുകൾ ഉപയോഗിക്കുന്നുവെന്നതിൽ നിന്നും സ്വഭാവം തിരിച്ചറിയാനാകും. തുടർച്ചയായുള്ള അധിക്ഷേപം സഹിച്ച് ആരും ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. വഴക്കുണ്ടാകുമ്പോഴെല്ലാം ഭാര്യ തനിക്കും കുടുംബത്തിനും എതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞതിനാൽ, ഇനി പ്രത്യേകിച്ച് തീയതി വ്യക്തമാക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.