ന്യൂഡൽഹി: വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, ജഡ്ജി നിയമന പട്ടിക തയാറാക്കാൻ സുപ്രീംകോടതി കൊളീജിയം വിളിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നടപടി വിവാദത്തിൽ. പുതിയ ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതി ഔപചാരികമായി നിയമിച്ചുകഴിഞ്ഞാൽ, വിരമിക്കുന്ന ചീഫ് ജസ്റ്റിസ് കൊളീജിയം വിളിക്കാറില്ല.
ജഡ്ജിമാർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും, മുതിർന്ന അഞ്ചു ജഡ്ജിമാർ ഉൾപ്പെട്ട കൊളീജിയം യോഗം വ്യാഴാഴ്ച നടന്നു. നിയമ മന്ത്രാലയത്തിലേക്ക് അയക്കുന്ന ശിപാർശ രഹസ്യസ്വഭാവമുള്ളതാണെന്നിരിക്കേ, കൊളീജിയം സ്വീകരിച്ച നടപടികൾ വെളിപ്പെടുത്തിയിട്ടില്ല.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഈമാസം 23നാണ് വിരമിക്കുന്നത്. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണയെ കഴിഞ്ഞദിവസമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചത്. അദ്ദേഹം 24ന് സത്യപ്രതിജ്ഞ ചെയ്യും. 2019 നവംബറിൽ ചുമതലയേറ്റ ശേഷം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ കൊളീജിയം സുപ്രീംകോടതിയിലേക്ക് ഒരു ജഡ്ജിയെപോലും നാമനിർദേശം ചെയ്തിട്ടില്ലെന്നിരിക്കെയാണ് അവസാന ദിവസങ്ങളിലെ കൊളീജിയം യോഗം. ആകെയുള്ള 34ൽ അഞ്ചു ജഡ്ജിമാരുടെ ഒഴിവുകളാണ് സുപ്രീംകോടതിയിൽ ഉള്ളത്.
ഏറ്റവും മുതിർന്ന അഞ്ചു ജഡ്ജിമാർ ഉൾപ്പെട്ടതാണ് കൊളീജിയം. ചീഫ് ജസ്റ്റിസിനും നിയുക്ത ചീഫ് ജസ്റ്റിസിനും പുറമെ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, യു.യു. ലളിത്, എ.എം. ഖാൻവിൽകർ എന്നിവരാണ് മറ്റ് അംഗങ്ങൾ. സുപ്രീംകോടതിക്കുപുറമെ, ഹൈകോടതികളിലുള്ള ജഡ്ജിമാരുടെ ഒഴിവു നികത്തുന്നതിന് യോഗ്യരായവരുടെ പേരുകളും കൊളീജിയം സർക്കാറിലേക്ക് നൽകും. പുതിയ ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതി നിയമിച്ചശേഷമുള്ള കൊളീജിയം ശിപാർശ നിയമമന്ത്രാലയം അംഗീകരിക്കണമെന്നില്ല.
മുെമ്പാരിക്കലും ഇങ്ങനെ കൊളീജിയം ചേർന്നിട്ടില്ല. പുതിയ ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതി നിയമിച്ചു കഴിഞ്ഞാൽ എല്ലാ ഫയലുകളും അദ്ദേഹത്തിന് കൈമാറുകയാണ് രീതി. സുപ്രധാന യോഗങ്ങൾ നടത്താറുമില്ല. ഒരു വർഷവും അഞ്ചുമാസവുമായി ചീഫ് ജസ്റ്റിസ് പദവി വഹിക്കുന്ന എസ്.എ. ബോബ്ഡെക്ക് ഇതിനിടയിൽ ഒരു ജഡ്ജി നിയമന ശിപാർശ പോലും സർക്കാറിലേക്ക് അയക്കാൻ കഴിയാതിരുന്നതിന് കാരണം കൊളീജിയം അംഗങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.