തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ പഴുതാരയെന്ന് ഭക്തർ; നിഷേധിച്ച് അധികൃതർ

ഹൈദരാബാദ്: ലഡുവിൽ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണത്തിനിടെ തിരുപ്പതി ക്ഷേത്രം വീണ്ടും വിവാദത്തിൽ. ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദത്തിൽ പഴുതാരയെ കണ്ടുവെന്ന വിവാദമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ, ആരോപണം തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ നിഷേധിച്ചു.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച സംഭവമുണ്ടായത്. അംഗീകരിക്കാനാവാത്ത സംഭവമാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തരിലൊരാൾ പറഞ്ഞു. ശക്തമായ നടപടി ഇക്കാര്യത്തിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെത്തിയ ചന്ദുവെന്ന ഭക്തനാണ് ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്നും പഴുതാരയെ കിട്ടിയത്. തലമുണ്ഡനം ചെയ്തതിന് ശേഷം ഉച്ചഭക്ഷണത്തിനായി പോയപ്പോഴാണ് ക്ഷേത്രത്തിൽ നിന്നും വിളമ്പിയ തൈര്സാതത്തിൽ പഴുതാരയെ കണ്ടത്. ഇത് ക്ഷേത്രം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചിലപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ടെന്ന ഞെട്ടിക്കുന്ന മറുപടിയാണ് നൽകി​യതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ഇതിന്റെ ഫോട്ടോകളും വിഡിയോകളുമായി ക്ഷേത്രം അധികൃതരെ ബന്ധപ്പെട്ടപ്പോൾ പഴുതാര ഇലയിൽ നിന്ന് വന്നതാകാമെന്ന ന്യായീകരണമാണ് നിരത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് ഭക്ഷ്യവിഷബാധക്ക് ഉൾപ്പടെ കാരണ​മായേക്കാം. ശക്തമായ നടപടി ഇക്കാര്യത്തിൽ വേണമെന്നും ചന്ദു ആവശ്യപ്പെട്ടു.പരാതിയുമായി പോയപ്പോൾ തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങളും ക്ഷേത്രം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ചന്ദു പരാതിപ്പെടുന്നു.

അതേസമയം, തിരുപ്പതി ലഡു വിവാദത്തിൽ സി.ബി.ഐ ഡയറക്ടറുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടിക്കണക്കിന് ഭക്തരുടെ വികാരം മാനിച്ചാണ് നടപടിയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

കോടതിയെ രാഷ്ട്രീയ പോർക്കളമാക്കാൻ അനുവദിക്കില്ലെന്ന് കോടതി ആവർത്തിച്ചു. സി.ബി.ഐ ഡയറക്ടർ നിർദേശിക്കുന്ന രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥർ, ആന്ധ്രപ്രദേശ് സർക്കാർ നിർദേശിക്കുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) ഉദ്യോഗസ്ഥൻ എന്നിവരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക.

തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നോ എന്നറിയാനാണ് സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രുപവത്കരിച്ചത്. ആന്ധ്രപ്രദേശ് സർക്കാറിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽനിന്നും സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണം ഏറ്റെടുക്കും. നിലവിലുള്ള എസ്.ഐ.ടി അംഗങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതല്ല തങ്ങളുടെ ഉത്തരവെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.

Tags:    
News Summary - Devotees claim insects found in Tirupati prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.