ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് മാസ്ക് നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). മാസ്ക് ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ എയർലൈൻ കമ്പനികൾ നടപടി സ്വീകരിക്കണമെന്നും ഡി.ജി.സി.എ കർശന നിർദേശം നൽകി.
രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. യാത്രക്കാർ കൃത്യമായി മാസ്ക് ധരിക്കുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ലംഘിക്കുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കണം. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും മിന്നൽ പരിശോധന നടത്തുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നൽകി.
വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ യാത്രക്കാർക്ക് ശരിയായ ബോധവത്കരണവും എയർലൈനുകൾ ഉറപ്പാക്കണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,062 കോവിഡ് കേസുകളും 36 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. നിലിവിൽ രാജ്യത്ത് ഒരുലക്ഷത്തോളം പേർ രോഗബാധിതരാണ്.
കോവിഡ് വൈറസ് സാന്നിധ്യം ഇപ്പോഴും ഭീഷണിയാണെന്നുംം ജനം മുൻകരുതൽ സ്വീകരിക്കണമെന്നും മൂന്നാം ഡോസ് വാസ്കിൻ കുത്തിവെപ്പെടുക്കണമെന്നും നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.