താക്കൂർനഗർ/ ദുർഗാപുർ (പശ്ചിമബംഗാൾ): ബി.ജെ.പിയുടെ ജനപിന്തുണയിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിഭ്രാന്തിയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകർക്കെതിരെ വ്യാപക ആക്രമണം അഴിച്ചുവിടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയുടെ കാൽചുവട്ടിലെ മണ്ണ് ചോരുകയാണ്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നിരപരാധികളെയാണ് കൊല്ലുന്നത്. ബി.ജെ.പിയെ ജനങ്ങൾ ഇഷ്ടപ്പെടുന്നതിൽ വിഭ്രാന്തിപൂണ്ടവരാണ് ഇങ്ങനെ സംഘർഷവും ആക്രമണവും അഴിച്ചുവിടുന്നത്. സംസ്ഥാന സർക്കാറിെൻറ നാളുകൾ എണ്ണപ്പെട്ടു -അദ്ദേഹം പറഞ്ഞു.
മമതയുടെ ശക്തികേന്ദ്രത്തിൽ ലോക്സഭ തെരെഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് ‘മതുവമഹാസംഗ്’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. പട്ടികജാതിക്കാരായ മതുവ സമൂഹത്തിന് വടക്ക്, തെക്ക് 24 പർഗാനാസ് ജില്ലകളിലെ അഞ്ച് ലോക്സഭ സീറ്റുകളിൽ നിർണായക സ്വാധീനമുണ്ട്. 30 ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവരിൽ പലർക്കും ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ പുതിയ പൗരത്വ ബിൽ ഭേദഗതി ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രസംഗം.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി ബില്ലിനെ മോദി ഉയർത്തിക്കാട്ടി. മതപരമായി അവഗണന നേരിടുന്നവർക്ക് നീതി നടപ്പാക്കാനാണ് പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. പുറത്തുനിന്ന് വരുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയല്ലാതെ മറ്റു ആശ്രയമില്ല. അവരുടെ സംരക്ഷണം ഉറപ്പുനൽകുന്നതിനാണ് പുതിയ നിയമം. മമതയുടെ പാർട്ടി ഇതിനെ പിന്തുണക്കുകയാണ് വേണ്ടത് -മോദി തുടർന്നു.
ജനാധിപത്യത്തെ ചവിട്ടിയരക്കുന്ന നടപടികളുമായാണ് മമത ഭരണം നടത്തുന്നതെന്നും മുമ്പത്തെ കമ്യൂണിസ്റ്റ് സർക്കാറിെൻറ പാതയാണ് അവരും പിന്തുടരുന്നതെന്നും മോദി ദുർഗാപുരിൽ ബി.െജ.പി റാലിയിൽ പറഞ്ഞു. കഴിഞ്ഞ നാലുവർഷം പരസ്പരം മുഖത്തുപോലും നോക്കാത്ത പ്രതിപക്ഷ നേതാക്കളാണ് ബി.ജെ.പിക്കെതിരെ ‘മഹാസഖ്യം’ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.