നാസിക്: കൃഷി ചെയ്ത് വിൽക്കുന്ന ഉൽപന്നങ്ങൾക്ക് ശരിയായ മൂല്യം ലഭിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്താത്തതിൽ പ്രതിഷേധിച്ച് ഒന്നര ഏക്കർ വരുന്ന തന്റെ ഉള്ളികൃഷി കത്തിച്ച് കർഷകൻ. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. കൃഷ്ണ ഡോംഗ്രെ എന്ന കർഷകനാണ് മാസങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ വിളകൾ കത്തിച്ചു കളഞ്ഞത്.
നാല് മാസത്തിനിടെ കൃഷിക്കായി ഒന്നര ലക്ഷം രൂപ ചെലവഴിച്ചെന്നും അത് വിപണിയിൽ എത്തിക്കാൻ 30,000 രൂപ കൂടി ചെലവഴിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്നത്തെ ഉള്ളി നിരക്കിൽ അദ്ദേഹത്തിന് ലഭിക്കുന്നത് വെറും 25,000 രൂപ മാത്രമാണ്.
1.5 ഏക്കറിൽ ഉള്ളി വളർത്താൻ ഞാൻ നാല് മാസത്തോളം രാവും പകലും അധ്വാനിച്ചു. സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും തെറ്റുകൾ കാരണമാണ് വിള കത്തിക്കാൻ നിർബന്ധിതനായത് -ഡോംഗ്രെ പറഞ്ഞു.
ഉള്ളി കത്തിക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് തന്റെ രക്തം കൊണ്ട് ഒരു കത്ത് എഴുതിയിട്ടുണ്ടെന്നും അതിനാൽ കർഷകരുടെ അവസ്ഥ അദ്ദേഹത്തിന് നേരിട്ട് കാണാൻ കഴിയുമെന്നും ഡോംഗ്രെ പരിഹസിച്ചു. നിലവിലെ സംഭരണ നിരക്കിൽ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകേണ്ട അവസ്ഥയാണെന്നും കർഷകർക്കൊപ്പം നിൽക്കുന്നതിനെക്കുറിച്ച് സംസ്ഥാനവും കേന്ദ്രവും ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.