ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐയിൽനിന്ന് വി.എച്ച്.പി യുവജന വിഭാഗമായ ബജ്റംഗ്ദളും ബി.ജെ.പിയും പണം പറ്റുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് ആരോപിച്ചു. ഈ വിഷയം എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളേക്കാൾ കൂടുതൽ മറ്റുള്ളവരാണ് പാകിസ്താനുവേണ്ടി ചാരപ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച സത്ന ജില്ലയിൽ സംഘ്പരിവാർ നേതാവടക്കമുള്ള അഞ്ചുപേർ ഐ.എസ്.ഐയുമായി ബന്ധമുള്ള ഭീകര ധനസഹായ റാക്കറ്റിൽപെട്ടവർ എന്നപേരിൽ അറസ്റ്റിലായത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബജ്റംഗ്ദൾ നേതാവ് ബൽറാം സിങ്ങും ബി.ജെ.പി ഐ.ടി സെൽ അംഗങ്ങളുമടക്കമുള്ളവരാണ് അറസ്റ്റിലായത്.
അയച്ച സന്ദേശങ്ങളൊന്നും സൂക്ഷിക്കാത്ത പ്രത്യേകതരം ആപ് ഉപയോഗിച്ചാണ് ഇവർ ഐ.എസ്.ഐയുമായി ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു. രണ്ടുവർഷം മുമ്പ് യുവമോർച്ച നേതാവ് ധ്രുവ് സക്സേനയും ചാരപ്രവർത്തനം നടത്തിയതിനും ഭീകരപ്രവർത്തനത്തിന് പണം നൽകിയതിനും സത്നയിൽ പിടിയിലായിരുന്നു. ഇപ്പോൾ അറസ്റ്റിലായ ബൽറാം സിങ്ങും ഇതേസംഘത്തിെൻറ ഭാഗമാണ്. അതേസമയം, ദിഗ്വിജയ് സിങ്ങിെൻറ ട്വീറ്റ് വൈറലാവുകയും ബി.ജെ.പി പ്രവർത്തകർ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. തെൻറ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ച സിങ്, ഇക്കാര്യത്തിൽ ടി.വി ചാനലുകൾ ബി.ജെ.പിയെ ചോദ്യം ചെയ്യാൻ എന്തുകൊണ്ട് തയാറാകുന്നില്ലെന്നും ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.