ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും സെപ്റ്റംബർ 30ന് നാമനിർദേശ പത്രിക നൽകുമെന്നും വ്യക്തമാക്കി മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ്. ബുധനാഴ്ച രാത്രിയോടെ ദിഗ്‍വിജയ് സിങ് ഡൽഹിയിൽ എത്തുമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. രാജസ്ഥാൻ കോൺഗ്രസിൽ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്ന് അശോക് ഗെഹ്ലോട്ടിന്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ദിഗ് വിജയ് സിങ് വീണ്ടും രംഗത്തുവന്നത്. നേരത്തേ താൻ മത്സരിക്കുമെന്ന് സൂചന നൽകിയശേഷം പിന്നീട് സ്ഥാനാർഥിയാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദിഗ്‍വിജയ് സിങ് പത്രിക നൽകിയാൽ അദ്ദേഹവും ശശി തരൂരും തമ്മിലാവും മത്സരമെന്നാണ് സൂചന. ഗാന്ധി കുടുംബത്തിന് അനഭിമതനാണെന്നത് തരൂരിന്റെ സാധ്യതകൾക്ക് തിരിച്ചടിയാണ്. ദിഗ് വിജയ് സിങ്ങിന് പുറമെ ഗാന്ധി കുടുംബത്തോട് കൂറുപുലർത്തുന്ന കെ.സി. വേണുഗോപാലും മല്ലികാർജുൻ ഖാർഗെയും പരിഗണനയിലുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് സ്ഥാനാർഥിയാകാനില്ലെന്ന് രാഹുൽ ഗാന്ധി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നാണ് രാഹുൽ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് താനും മത്സരിച്ചേക്കുമെന്ന് ഒരാഴ്ച മുമ്പ് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ് സിങ് പ്രതികരിച്ചിരുന്നു. 'നമുക്ക് കാണാം. മത്സരിക്കാനുള്ള സാധ്യത ഞാനും എഴുതിത്തള്ളുന്നില്ല. എന്തുകൊണ്ട് നിങ്ങൾ എന്നെ പുറത്തുനിർത്താൻ ആഗ്രഹിക്കുന്നു? എല്ലാവർക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. 30-ാം തീയതി (നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം) വൈകീട്ട് നിങ്ങൾക്ക് അതിന്റെ ഉത്തരം കിട്ടും' -അന്ന് ദിഗ്‍വിജയ് സിങ് പറഞ്ഞതിങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.