ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾ, തൊഴിൽ അന്വേഷകർ, കുടിയേറ്റക്കാർ, സന്ദർശകർ തുടങ്ങിയവരുടെ കാനഡ വിസയും താൽക്കാലിക-സ്ഥിര താമസ (പി.ആർ) അനുമതി നടപടികളും നയതന്ത്രക്കുരുക്കിൽ. നയതന്ത്ര പോര് മുറുകിയതിനെ തുടർന്ന് മുംബൈ, ബംഗളൂരു, ചണ്ഡിഗഢ് കോൺസുലേറ്റുകളിൽ വ്യക്തിഗത സേവനങ്ങൾ കാനഡ മരവിപ്പിച്ചു. കുടിയേറ്റ, അഭയാർഥി, പൗരത്വകാര്യ വിഭാഗമായ ഐ.ആർ.സി.സിയുടെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 27ൽ നിന്ന് അഞ്ചായി കുറച്ചു.
വെള്ളിയാഴ്ചക്കകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചില്ലെങ്കിൽ അവർക്കും കുടുംബത്തിനുമുള്ള നയതന്ത്ര പരിരക്ഷ ഇന്ത്യ നീക്കാനുള്ള സാധ്യത മുൻനിർത്തി 41 ഉദ്യോഗസ്ഥരെയും 42 കുടുംബാംഗങ്ങളെയും അടിയന്തരമായി ഇന്ത്യയിൽനിന്ന് മാറ്റിയിട്ടുമുണ്ട്. ഡൽഹിയിലെ കനേഡിയൻ ഹൈകമീഷനിൽ നയതന്ത്ര ഉദ്യോഗസ്ഥർ 21 മാത്രമായി.
വിസ, പി.ആർ സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും കാലതാമസം ഉണ്ടാകുമെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. ഇ-മെയിൽ, ഓൺലൈൻ സംവിധാനങ്ങളിൽ വിസ നൽകുന്ന പ്രക്രിയ തുടരും. കരാറുകാർ നടത്തുന്ന 10 വിസ അപേക്ഷ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ല. എന്നാൽ കോൺസുലേറ്റിന്റെ നേരിട്ടുള്ള ഇടപെടൽ ആവശ്യമായ വിഷയങ്ങളിൽ ഇന്ത്യയിലെ കനേഡിയൻ യാത്രക്കാർ ഇനി ഡൽഹിയിലെ ഹൈകമീഷനെ സമീപിക്കേണ്ടി വരും.
ഇത് രേഖകൾ കിട്ടാൻ വലിയ കാലതാമസം ഉണ്ടാക്കും. ഇന്ത്യയിൽ തുടരുന്ന അഞ്ച് ഐ.ആർ.സി.സി ജീവനക്കാർ അടിയന്തരാവശ്യങ്ങൾ, വിസ പ്രിന്റിങ്, മേൽനോട്ടം തുടങ്ങി നേരിട്ട് സാന്നിധ്യം ആവശ്യമായ ജോലികളിൽ കേന്ദ്രീകരിക്കും. മറ്റുള്ളവർ കാനഡയിൽ പ്രതിദിന ജോലികൾ തുടരും.
കാനഡയിൽ ഖാലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിൽ ഇന്ത്യയുടെ പങ്ക് സംശയിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനയോടെയാണ് രണ്ടു ഭരണകൂടങ്ങളും തമ്മിലെ പോര് മുറുകിയത്. ഇതിനിടെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരൻമാർ ജാഗ്രത പുലർത്തണമെന്ന് കാനഡ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.