ഒരു മതത്തിനും എതിരായ അനാദരവ് അനുവദിക്കില്ല -ഭഗവന്ത് മാൻ

ഹോഷിയാർപൂർ: ഒരു മതത്തിനും എതിരായ അനാദരവ് അനുവദിക്കില്ലെന്ന് പഞ്ചാബ് ആം ആദ്മി പാർട്ടി (എ.എ.പി) മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ. ഹോഷിയാർപൂരിൽ പശുക്കളെ കൊന്ന സംഭവത്തിൽ പ്രതികരിക്കുന്നതിനിടെയാണ് മാന്‍റെ പരാമർശം. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മാൻ പൊലീസിന് നിർദേശം നൽകി.

പഞ്ചാബിലെ ക്രമസമാധാനവും മതസൗഹാർദ്ദവും ഒരു കാരണവശാലും നശിക്കാൻ അനുവദിക്കില്ല. ക്രമസമാധാനം നശിപ്പിക്കാൻ എടുക്കുന്ന ഒരു നീക്കവും സംസ്ഥാനത്ത് വിജയം കാണില്ലെന്നും മാൻ പറഞ്ഞു. സംസ്ഥാനത്തെ സാഹോദര്യം നിലനിർത്തുക എന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

ഹോഷിയാർപൂരിൽ നിന്നും 36 കിലോമീറ്റർ അകലെ ത്സാൻസിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിന്നുമാണ് 19 പശുക്കളുടെ ജീർണ്ണിച്ച ജഡം കണ്ടെത്തിയത്. ഉരുളക്കിഴങ്ങുകൾ നിറച്ച 12 ചാക്കുകളും പ്രദേശത്ത് നിന്നും കണ്ടെടുത്തതായി എസ്.പി മുഖ്തിയാർ റായ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അജ്ഞാത സംഘം പശുക്കളുടെ ജഡവും ചാക്കുകളും പ്രദേശത്ത് ഉപേക്ഷിച്ചത്. പശുക്കളെ കൊന്ന ശേഷം അവയുടെ തൊലി മുറിച്ചെടുത്തതായും പൊലീസ് പറഞ്ഞു. പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്.

വിവരം പുറത്തറിഞ്ഞതോടെ ശിവസേന, ബജ്റങ്ദൾ ഉൾപ്പെടെ ഹിന്ദുത്വ സംഘടന പ്രവർത്തകർ പ്രദേശത്ത് എത്തിയിരുന്നു. ശിവസേനയുടെ (ബാൽ താക്കറെ) പഞ്ചാബ് വൈസ് പ്രസിഡന്റുമാരായ രഞ്ജിത് റാണയുടെയും പ്രിൻസ് കത്നയുടെയും നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. സംഭവത്തിൽ ജലന്ധർ-പത്താൻകോട്ട് തണ്ടയിലെ ജിടി റോഡ് ഗതാഗതം പ്രതിഷേധക്കാർ തടഞ്ഞു. പ്രദേശത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ ജസ്വിർ സിങ് രാജ, മുൻ പഞ്ചാബ് കാബിനറ്റ് മന്ത്രി സംഗത് സിങ് ഗിൽസിയാൻ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.

പ്രതികൾക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്കും മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവ്വം നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരായ ഐ.പി.സി. 295-എ വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Direspect against any religion will not be tolerated: Bhagwant Mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.