മുംബൈ: മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കം 16 ശിവസേന വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷ ശിവസേന പ്രതിനിധികൾ മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാലിനെ കണ്ടു. 79 പേജുള്ള നിവേദനവും സുപ്രീംകോടതി വിധിയുടെ പകർപ്പും സമർപ്പിച്ചു.
വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന നോട്ടീസിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധിച്ചിരുന്നു. നിലവിലെ സ്പീക്കർ ബി.ജെ.പിയിലെ രാഹുൽ നർവേക്കർ വിദേശത്തായതിനാലാണ് ഡെപ്യൂട്ടി സ്പീക്കറെ കണ്ടതെന്ന് ഉദ്ധവ് പക്ഷ ശിവസേന പ്രതിനിധികൾ പറഞ്ഞു. അതേസമയം, വിദേശയാത്ര കഴിഞ്ഞ് തിങ്കളാഴ്ച തിരിച്ചെത്തിയ രാഹുൽ നർവേക്കർ ആരുടെയും സമ്മർദത്തിന് വഴങ്ങി തീരുമാനം നേരത്തെ ആക്കുകയോ വൈകിക്കുകയോ ഇല്ലെന്ന് പറഞ്ഞു. കോടതി നിർദേശവും ഭരണഘടന വകുപ്പുകളും അനുസരിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂണിൽ വിമത നീക്കത്തിന് തൊട്ടുപിന്നാലെ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് എൻ.സി.പി നേതാവായ ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൽ ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 16 എം.എൽ.എമാർക്ക് നോട്ടീസ് നൽകിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർക്ക് എതിരെ അവിശ്വാസ നോട്ടീസുള്ളതിനാൽ അദ്ദേഹത്തിന് തീരുമാനമെടുക്കാനുള്ള അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഷിൻഡെപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.