ബാഗ്പ്പത് (ഉത്തര്‍പ്രദേശ്): ബാഗ്പ്പതിലെ സൂഫിവര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം വിഭാഗം സമര്‍പ്പിച്ച ഹരജി തള്ളിയാണ് സിവിൽ ജഡ്ജ് ശിവം ദ്വിവേദിയുടെ നടപടി. തര്‍ക്കഭൂമി വഖഫ് സ്വത്തോ ശ്മശാനമോ ആണെന്ന് സ്ഥാപിക്കാന്‍ മുസ്‌ലിംപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബാഗ്പ്പതിലെ ബര്‍ണാവ ഗ്രാമത്തിൽ ദർഗയുള്ള സ്ഥലത്തെച്ചൊല്ലി പതിറ്റാണ്ടുകളായി തര്‍ക്കം നിലനിൽക്കുന്നുണ്ട്. ദർഗക്ക് 600 വർഷത്തെ പഴക്കമുണ്ടെന്നാണ് മുസ്‍ലിം വിഭാഗം പറയുന്നത്. 1970ല്‍ ഹിന്ദുവിഭാഗം ദർഗയിൽ കടന്നുകയറി പ്രാർഥന നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദര്‍ഗയുടെ മേൽനോട്ടക്കാരൻ മുഖീം ഖാൻ മീററ്റിലെ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. കേസ് പിന്നീട് ബാഗ്പ്പത് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ബാഗ്പതിലെ പുരോഹിതനായ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസില്‍ പ്രതിയാക്കിയിരുന്നത്.
ഇത് ബദറുദ്ദീന്‍ ഷായുടെ ശവകുടീരമാണെന്ന് മുസ്‌ലിംകള്‍ പറയുമ്പോള്‍ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ‘ലക്ഷ ഗൃഹ’യുടെ അവശിഷ്ടമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. പാണ്ഡവരെ ചുട്ടുകൊല്ലാന്‍ ദുര്യോധനന്‍ പണികഴിപ്പിച്ച കൊട്ടാരമാണ് മഹാഭാരതത്തില്‍ ലക്ഷ ഗൃഹം എന്ന് വിളിക്കുന്നത്. ലക്ഷ ഗൃഹവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുസ്‍ലിം വിഭാഗത്തിന്‍റെ ഹരജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ രണ്‍വീര്‍ സിങ് തോമര്‍ പറഞ്ഞു. ഹൈകോടതിയെ സമീപിക്കുമെന്ന് മുസ്‍ലിം വിഭാഗം അഭിഭാഷകന്‍ അഡ്വ. ഷാഹിദ് ഖാന്‍ പറഞ്ഞു.
നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഈ ഭൂമി. വിധിയെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പൊലീസ് ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.