സ്വകാര്യ സ്ഥാപനങ്ങളിലെ കന്നഡ സംവരണം; നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.കെ. ശിവകുമാർ

ബംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിൽ കന്നഡക്കാർക്ക് സംവരണം നൽകുന്നതിൽ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

"നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. നിക്ഷേപകർ കർണാടകയിലേക്ക് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന കഴിവുള്ള ചില ആളുകളുണ്ട്. അവർ കർണാടകയിൽ ജോലിചെയ്യണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ബംഗളൂരുവിലെ ജനസംഖ്യ 1.4 കോടിയായി വർധിച്ചത് പുറത്തുനിന്നുള്ളവർ ഇവിടെ ജോലിക്കെത്തുന്നതിനാലാണ്." -ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിൽ വ്യവസായ പ്രമുഖരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തുമെന്നും ശിവകുമാർ പറഞ്ഞു. തൊഴിലുടമകളെയും ജീവനക്കാരെക്കാളും കൂടുതൽ ആശങ്കാകുലരാണ് സർക്കാറെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയത് വിവാദമായിരുന്നു. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ് തലത്തിൽ 50 ശതമാനം കന്നഡ സംവരണം, മാനേജ്‌മെന്‍റ് ഇതര തലത്തിൽ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളിൽ 100 ശതമാനം എന്നിങ്ങനെയാണ് സംവരണം നിർദേശിച്ചത്.

എന്നാൽ, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു. വ്യവസായ വളർച്ച തടസ്സപ്പെടുത്തുന്ന തീരുമാനമെന്നാണ് ബില്ലനെ അവർ വിശേഷിപ്പിച്ചത്. ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് പ്രതിഷേധം കനത്തതോടെ നീക്കം ചെയ്തു.

Tags:    
News Summary - DK Shivakumar defends Karnataka private jobs quota bill: Investors need not worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.