ബംഗളൂരു: കർണാടകയിൽ ഉജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിപദത്തിനായി രണ്ട് കരുത്തരായ നേതാക്കൾ അവകാശവാദമുന്നയിച്ചത് കോൺഗ്രസിനുണ്ടാക്കിയ തലവേദന ചില്ലറയായിരുന്നില്ല. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിക്കാനും ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനിച്ചതോടെ പ്രശ്നം ഒരുവിധം പരിഹരിച്ചു. ആഭ്യന്തരമടക്കമുള്ള വകുപ്പുകൾ ശിവകുമാറിന് നൽകുമെന്നും റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രിയാകണമെന്ന അവകാശവാദത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്ന് പറയുകയാണ് ശിവകുമാർ. ''എല്ലാ കാര്യവും നല്ല രീതിയിൽ പര്യവസാനിച്ചിരിക്കുകയാണ്. എല്ലാം നന്നായി പോകും. ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനവും ഞങ്ങൾ അനുസരിക്കും. എല്ലാത്തിനുമുപരി രാഹുൽ ഗാന്ധി എന്നെ വിളിച്ചിട്ട് ഞാനുൾപ്പെടെ എല്ലാവരും പാർട്ടിക്കു വേണ്ടി യോജിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞു.''-ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിളിച്ചിട്ട് തീരുമാനം അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ അവർ മുന്നോട്ട് വെച്ച ഫോർമുല സ്വീകരിച്ചു.-ശിവകുമാർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച് സിദ്ധരാമയ്യ തിങ്കളാഴ്ചയും ശിവകുമാർ ചൊവ്വാഴ്ചയുമാണ് ഡൽഹിയിലെത്തിയത്. ഇരുവരും ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഷിംലയിൽ അവധിക്കാലം ചെലവഴിക്കാനെതിയ സോണിയ ഗാന്ധിയുമായും ഇരുവരും ഫോണിൽ സംസാരിച്ചു. രാഹുലിനോടും ഖാർഗെയോടും സംസാരിക്കാനാണ് സോണിയ നിർദേശിച്ചത്.
വ്യാഴാഴ്ച കെ.സി. വേണുഗോപാലിന്റെ വസതിയിൽ ഇരുവരുമൊന്നിച്ച് പ്രഭാതഭക്ഷണം കഴിക്കാനുമെത്തി. തുടർന്ന് രണ്ടുപേരുമൊന്നിച്ച് കാറിൽ ഖാർഗെയുടെ വസതിയിലേക്ക് പോയി. വേണുഗോപാലും രൺദീപ് സിങ് സുർജേവാലയും ഒപ്പമുണ്ടായിരുന്നു. ചർച്ചകൾക്കൊടുവിൽ 75വയസായതിനാൽ മുഖ്യമന്ത്രിപദത്തിൽ സിദ്ധരാമയ്യക്ക് ഇനിയൊരു ഊഴമുണ്ടാകില്ലെന്ന വാദം ശിവകുമാർ അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഇനി ഗോദയിലേക്കില്ലെന്ന കാര്യം സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.