ചെന്നൈ: തമിഴ്നാടിനെയും മണിപ്പൂരിനെയും താരതമ്യം ചെയ്ത് സംസാരിച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയെ വിമർശിച്ച് ഡി.എം.കെ. തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയും വംശീയ അക്രമത്തിന്‍റെ പിടിയിലായ മണിപ്പൂരും തമ്മിൽ താരതമ്യം ചെയ്തതിനാണ് വിമർശമം. വിജയിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ഡി.എം.കെ നേതാവും ലോക്‌സഭാ എം.പിയുമായ കനിമൊഴി രംഗത്തെത്തി.
മണിപ്പൂരിന്‍റെ അവസ്ഥയെ തമിഴ്‌നാടുമായി താരതമ്യപ്പെടുത്തുന്നത് "അനീതി" ആണെന്ന് കനിമൊഴി പറഞ്ഞു. താൻ മണിപ്പൂരിൽ പോയിട്ടുണ്ട്. വേറെ എത്രപേർ അവിടെയുണ്ടായിരുന്നുവെന്ന് അറിയില്ലെന്നും എം.പി പറഞ്ഞു. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കണം. അതിനെ നിസ്സാരമാക്കുന്നത് അന്യായമാണ്. ബി.ജെ.പി മണിപ്പൂർ സന്ദർശിച്ച് നീതി നൽകാത്തതിനേക്കാൾ വിനാശകരമാണ് അതെന്ന് കനിമൊഴി പറഞ്ഞു.
ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ വിജയ് നടത്തിയ താരതമ്യമാണ് തർക്കത്തിന് തുടക്കം. മണിപ്പൂരിലെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെയും വിജയ് തന്‍റെ പ്രസംഗത്തിൽ വിമർശിച്ചു.
"ഏത് ജാതിയിൽ ജനിച്ചാലും ഏത് മതത്തിൽ ജനിച്ചാലും എല്ലാവരും തുല്യരാണെന്ന് ഉറപ്പുനൽകുന്ന ഭരണഘടന തയാറാക്കിയ വ്യക്തിയാണ് ഡോ. ബി.ആർ. അംബേദ്കർ. നിലവിലെ ക്രമസമാധാന നില കാണുമ്പോൾ അംബേദ്കറെ കുറിച്ച് ചിന്തിക്കാൻ കഴിയിയുന്നില്ല. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത് നിങ്ങൾക്കറിയാം, എന്നാൽ അതേക്കുറിച്ച് ആശങ്കപ്പെടാതെ സർക്കാർ കേന്ദ്രത്തിൽ നിന്ന് നമ്മളെ ഭരിക്കുന്നു” -വിജയ് പറഞ്ഞു.
സംസ്ഥാനത്ത് സാമൂഹ്യനീതിയെക്കുറിച്ച് പറയുന്ന സർക്കാർ വേങ്ങൈവാസലിൽ ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. അംബേദ്കർ ഇത് കണ്ടിരുന്നെങ്കിൽ അദ്ദേഹം ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു എന്നും വിജയ് പറഞ്ഞു. 2022ൽ വേങ്ങൈവാസലിൽ, പട്ടികജാതി സമുദായത്തിലെ ആളുകൾക്ക് വെള്ളം നൽകുന്ന ടാങ്കിൽ മനുഷ്യ വിസർജ്യം വെള്ളത്തിൽ കലക്കിയ സംഭവത്തെയാണ് വിജയ് പരാമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.