ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് ഡി.എം.കെ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. വെള്ളിയാഴ്ച രാവിലെ മറീന ബീച്ചിലെ കരുണാനിധി- അണ്ണാദുരൈ സമാധികളിൽ ആദരാഞ്ജലികളർപ്പിച്ചതിനുശേഷം പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽവെച്ചാണ് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ 173 പേരുടെ പട്ടിക പുറത്തുവിട്ടത്. ചെന്നൈ കൊളത്തൂർ മണ്ഡലത്തിൽ ഹാട്രിക് വിജയം തേടി സ്റ്റാലിൻ മത്സരിക്കും.
കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയിൽപെട്ട സ്റ്റാലിെൻറ മകൻ ഉദയ്നിധിക്ക് ചേപ്പാക്കം- തിരുവല്ലിക്കേണി സീറ്റാണ് അനുവദിച്ചത്. സിനിമാതാരം കൂടിയായ ഉദയ്നിധിയുടെ കന്നി മത്സരമാണിത്. ഡി.എം.കെ സ്ഥാനാർഥി പട്ടികയിൽ 50ലധികം പുതുമുഖങ്ങൾക്കും മുൻമന്ത്രിമാർക്കും സിറ്റിങ് എം.എൽ.എമാർക്കും അവസരം നൽകിയിട്ടുണ്ട്. 13 വനിതകളും ഉൾപ്പെടും.
സേലം ജില്ലയിലെ എടപ്പാടിയിൽ ജനവിധി തേടുന്ന അണ്ണാ ഡി.എം.കെയിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ 35കാരനായ സമ്പത്ത്കുമാർ എന്ന പ്രവർത്തകനെയാണ് ഡി.എം.കെ കളത്തിലിറക്കുന്നത്. അതേസമയം തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ അണ്ണാ ഡി.എം.കെയിലെ ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവത്തെ നേരിടാൻ ഡി.എം.കെയുടെ കരുത്തനായ നേതാവ് തങ്കതമിഴ്ശെൽവനെയാണ് പാർട്ടി നിയോഗിച്ചത്.
അതിനിടെ, അണ്ണാ ഡി.എം.കെ കോഒാഡിനേറ്ററും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീർശെൽവം പത്രിക നൽകി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലാണ് ഒ.പി.എസ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി തിങ്കളാഴ്ച പത്രിക സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.