ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല അനാരോഗ്യ ശീലങ്ങൾക്കും മാറ്റംകുറിച്ച് ജനപക്ഷ ഭരണത്തിന് പുതു മാതൃകകൾ തീർത്ത എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ തുടക്കം മുതൽക്ക് തന്നെ കൈയടി നേടിയിരുന്നു. അധികാരത്തിലേറി നാലുമാസം കൊണ്ട് 505ൽ 202 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
പ്രകടനപത്രികയിൽ ഇല്ലാത്ത 25ഒാളം പദ്ധതികളും നടപ്പാക്കി. സഹകരണസംഘങ്ങൾ മുഖേന വനിത സ്വാശ്രയ സംഘങ്ങൾക്ക് നൽകിയ 2,756 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. മൂന്നുമാസത്തിലൊരിക്കൽ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങൾ അറിയിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
'അഞ്ച് വർഷത്തിന് ശേഷം മാത്രമേ ജനങ്ങളിലേക്ക് പോകൂ എന്ന് കരുതി ഞാൻ സംതൃപ്തനല്ല. ജനങ്ങളും മനസാക്ഷിയുമാണ് എന്‍റെ പിന്നിലെ ചാലകശക്തികൾ, അതിനാൽ തന്നെ ഡി.എം.കെ സർക്കാർ ഈ വേഗതയിൽ വരും ദിവസങ്ങളിലും പ്രവർത്തിക്കും' -സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾക്കായി മക്കളൈ തേടി മരുത്വം പദ്ധതി, സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള സമിതി, പട്ടികജാതി-പട്ടിക വർഗക്കാരുടെ ക്ഷേമത്തിനായി സ്വയംഭരണാധികാര സമിതി, എല്ലാ കാർഡ് ഉടമകൾക്കും 14 പലചരക്ക് സാധനങ്ങളുടെ വിതരണം എന്നിവ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടാത്താണെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.
കോവിഡ് പശ്ചാത്തലത്തിൽ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റ് മാത്രമല്ല 4,000 രൂപയുടെ ധനസഹായവും സർക്കാർ നൽകിയിരുന്നു. സംസ്ഥാന സർക്കാറിെൻറ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്ക് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ സൗജന്യമാക്കി. സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിനും സൗജന്യമാണ്. ഭരണത്തിലേറി ആദ്യ ഒന്നര മാസം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായവർക്ക് പുതിയ സംരംഭം തുടങ്ങാൻ പലിശരഹിത വായ്പ നൽകുന്നതിന് 84 കോടി വകയിരുത്തിയിരുന്നു. കർഷകർക്ക് സഹായ പദ്ധതിയും ജോലി നഷ്ടപ്പെട്ട സ്ത്രീകൾക്ക് 6,000 രൂപയുടെ പ്രത്യേക ധനസഹായവും ഏർപ്പെടുത്തി. ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കി. കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് 5,000 രൂപ അധിക അലവൻസ് നൽകി. ആരോഗ്യ പ്രവർത്തകർക്ക് 25 ലക്ഷം രൂപയുടെയും മാധ്യമ പ്രവർത്തകർക്ക് പത്തു ലക്ഷം രൂപയുടെയും കോവിഡ് ഇൻഷുറൻസ് പദ്ധതി കൊണ്ടുവന്നു. കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് സർക്കാർ ജോലി നൽകാനും തീരുമാനിച്ചു. പൊതുജനങ്ങളിൽനിന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 300 കോടിയോളം രൂപ സമാഹരിക്കാനുമായി.
ഒാർഡിനറി സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ശാരീരിക വ്യതിയാനമുള്ളവർക്കും ഭിന്നലിംഗക്കാർക്കും യാത്ര സൗജന്യമാക്കി, വിദ്യാർഥികളിൽ ജാതിപരമായ വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിെൻറ ഭാഗമായി പാഠപുസ്തകങ്ങളിലെ പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാൽ ഒഴിവാക്കിയതും ശക്തമായ തീരുമാനമായി. പ്രതിപക്ഷ ബഹുമാനം സ്വയം കാത്തുസൂക്ഷിച്ചും അണികളെ നിഷ്കർഷിച്ചുമാണ് മുഖ്യമന്ത്രിയുടെ മുന്നോട്ടുപോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.