ചെന്നൈ: വിശ്വാസവോട്ടെടുപ്പിനെ ശശികല പക്ഷം അതിജയിച്ചെങ്കിലും നിയമസഭയിലെ പ്രകടനത്തോടെ എം.കെ സ്റ്റാലിൻ താരമായി. കുടുംബത്തിലെ എതിർപ്പുകളെ ഇല്ലാതാക്കി കരുണാനിധിയുടെ ആശിർവാദത്തോടെ പാർട്ടി വർക്കിങ് പ്രസിഡൻറ് പദവിയിലെത്തിയ ശേഷമുള്ള സ്റ്റാലിൻെറ ആദ്യ പ്രധാന രാഷ്ട്രീയ നീക്കമാണ് ഇന്ന് സഭയിൽ നടന്നത്. കീറിയെ ഷർട്ടുമായി ബനിയൻ ധരിച്ച് നിയമസഭക്ക് പുറത്ത് മാധ്യമങ്ങളെ അഭിമുഖികരിച്ച് സ്റ്റാലിൻ സ്പീക്കർക്കെതിരെ ആഞ്ഞടിച്ചു. ഇതേ വേഷത്തിലാണ് പിന്നീട് അദ്ദേഹം ഗവർണറുടെ വസതിയിലേക്കും തുടർന്ന് മറീനബാച്ചിലേക്കും പോയത്. തമിഴ്നാട്ടിൽ നിലവിൽ ശശികല വിരുദ്ധ വികാരം ശക്തമാണ്. പന്നീർസെൽവത്തിന് പിന്തുണ കൊടുത്ത് സഭയിൽ നടത്തിയ പ്രകടനത്തിലൂടെ ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്നതിൽ സ്റ്റാലിൻ വിജയിച്ചു. പളനിസാമിയെയും പന്നീർസെൽവത്തെയും നിഷ്പ്രഭമാക്കുന്നതായിരുന്നു സ്റ്റാലിൻെറ പ്രകടനം.
നിയമസഭയിൽ നിന്നും പുറത്താക്കുന്നതിനിടെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാരോപിച്ച് മറീനയിൽ നിരാഹാരമിരുന്ന സ്റ്റാലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറെ നീണ്ട കസ്റ്റഡിക്കൊടുവിൽ ഏഴു മണിയോടെ സ്റ്റാലിനെയും മറ്റു ഡി.എം.കെ എം.എൽ.എമാരെയും മൈലാപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചു.
തമിഴ്നാട് നിയമസഭയിൽ ഇന്നു സംഭവിച്ച കാര്യങ്ങൾ ഗവർണറെ അറിയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉടൻതന്നെ ഇതേ വസ്ത്രവുമായി രാജ്ഭവനിലേക്കു പോയി ഗവർണറെ സന്ദർശിച്ചു. തുടർന്ന് മറീന ബീച്ചിൽ ഡി.എം.കെ എം.എൽ.എമാരോടൊപ്പം നിരാഹാരമിരുന്നു.. മറീന ബീച്ചിലെ ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു സമരം. എന്നാൽ മറീന ബീച്ചിൽ സമരപരിപാടികൾ അനുവദിക്കില്ലെന്നറിയിച്ച പൊലീസ് ഉടൻ തന്നെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
നേരത്തേ ഡി.എം.കെ എം.എൽ.എമാർ ആക്രമിച്ചെന്ന് സ്പീക്കർ ആരോപിച്ചിരുന്നു. സ്പീക്കർ സ്വയം വസ്ത്രം വലിച്ചുകീറിയിട്ടു ഡി.എം.കെ എം.എൽ.എമാരെ കുറ്റം പറയുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. രഹസ്യ വോട്ടെടുപ്പ് എന്ന ആവശ്യത്തിൽ തങ്ങൾ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.