ഹൈദരാബാദ്: ക്രൂരകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ പൊലീസിന്‍റെ ഏറ്റുമുട്ടൽ പ്രതീക്ഷിക്കണമെന്ന് തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ് യാദവ്. ഇതൊരു പാഠമായി കാണണമെന്നും മന്ത്രി പറഞ്ഞു.
നിങ്ങൾ ചെയ്തത് തെറ്റാണെങ്കിൽ കോടതി വിചാരണയുടെയോ ജയിലിന്‍റെയോ ജാമ്യത്തിന്‍റെയോ കേസ് നീളുന്നതിന്‍റെയോ ആനുകൂല്യം ലഭിക്കാൻ പോകുന്നില്ല. അങ്ങനെയൊന്ന് ഇനിയുണ്ടാവില്ല. നിങ്ങൾ കുറ്റം ചെയ്താൽ ഒരു പൊലീസ് ഏറ്റുമുട്ടൽ അവിടെയുണ്ടാകും എന്ന സന്ദേശമാണ് ഞങ്ങൾ നൽകുന്നത് -പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിലെ പ്രതികളെ വെടിവച്ചു കൊന്നത് സംസ്ഥാനത്തെ ക്രമസമാധാനനില കാത്തുസൂക്ഷിക്കാനുള്ള ചന്ദ്രശേഖർ റാവു സർക്കാറിന്‍റെ പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്. രാജ്യത്തിന് മാതൃകയാണ് തങ്ങൾ കാട്ടിയതെന്നും മന്ത്രി തലസനി ശ്രീനിവാസ് യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസം തെലങ്കാന ഗതാഗതമന്ത്രി അജയ് കുമാറും സമാന പ്രസ്താവന നടത്തിയിരുന്നു. അതിവേഗം നീതി നടപ്പാക്കിയതിലൂടെ രാജ്യത്തിന് മാതൃക കാട്ടിയിരിക്കുകയാണ് തെലങ്കാന. ആരെങ്കിലും ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ നോക്കിയാൽ ആ കണ്ണ് ഞങ്ങൾ ചൂഴ്ന്നെടുക്കും. ഏറ്റുമുട്ടൽ കൊല ബലാത്സംഗത്തിനിരയായ യുവതിയുടെ കുടുംബത്തിന് സമാധാനം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.