ന്യൂഡൽഹി: രാജ്യത്തെ ഡോക്ടർമാർ കൊറോണ വൈറസിന് പുറമേ ഭരണകക്ഷിയായ ബി.ജെ.പിയുടെ കഠിനഹൃദയത്തിൽനിന്നും രക്ഷതേടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ 624 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐ.എം.എ) കോവിഡ് രജിസ്ട്രി പ്രകാരം 109 ഡോക്ടർമാർ മരിച്ച ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ജീവഹാനി റിപ്പോർട്ട് ചെയ്തത്. 96 പേർ മരിച്ച ബീഹാറും 79 പേർ മരിച്ച ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ. 748 ഡോക്ടർമാരാണ് ഒന്നാംതരംഗത്തിൽ രാജ്യത്തുടനീളം മരിച്ചുവീണത്.
കേന്ദ്രസർക്കാറിന്‍റെ ഗുരുതര വീഴ്ചയാണ് പകർച്ചവ്യാധി വ്യാപനത്തിനും വാക്സിൻ പ്രതിസന്ധിക്കും ഇടയാക്കിയതെന്ന് രാഹുൽ ആരോപിച്ചു. 'കൊറോണ വൈറസിൽ നിന്നും ഭരണകക്ഷിയായ ബി.ജെ.പിയുടെ കഠിനഹൃദയത്തിനിന്നും രക്ഷതേടേണ്ട അവസ്ഥയിലാണ് ഡോക്ടർമാർ. ഇവർക്ക് സംരക്ഷണം ആവശ്യമാണ്. രക്ഷകരെ രക്ഷിക്കുക"അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡ് മരണങ്ങൾ കേന്ദ്രസർക്കാർ മറച്ചുവെക്കുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
അതേസമയം, മറ്റുള്ളവർക്ക് ക്ലാസെടുക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി തന്‍റെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യം ശ്രദ്ധിക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് സർക്കാർ അമിതവിലക്ക് വാക്സിൻ മറിച്ചു വിൽക്കുകയാണെന്നും മന്ത്രി ആരോപിച്ചു. 22 കോടി വാക്സിൻ ഡോസുകൾ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായി കേന്ദ്രസർക്കാർ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.