കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുമെന്ന് പണിമുടക്കുന്ന ജൂനിയർ ഡോക്ടർമാർ. അനിശ്ചിതകാല ഉപവാസസമരം പിൻവലിക്കണോയെന്ന കാര്യത്തിൽ ചർച്ചക്കുശേഷം തീരുമാനമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
ആർ.ജി കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ശനിയാഴ്ച അഭ്യർഥിച്ചിരുന്നു. സമരക്കാരുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചതായി പറഞ്ഞ അവർ, സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം തള്ളി.
ഞായറാഴ്ച ചേർന്ന വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ട് പൊതുയോഗത്തിന് ശേഷമാണ് സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. യോഗത്തിന് മുമ്പ് അനിശ്ചിതകാല സമരം പിൻവലിക്കില്ലെന്ന് ഡോക്ടർമാരിലൊരാളായ ദേബാശിഷ് ഹാൽദെർ പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയുമായി 45 മിനിറ്റ് ചർച്ചക്ക് ചീഫ് സെക്രട്ടറി മനോജ് പാന്താണ് സമരക്കാരെ ക്ഷണിച്ചത്. ചർച്ചക്ക് മുമ്പ് സമരം പിൻവലിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. ശനിയാഴ്ച അദ്ദേഹം സമരപ്പന്തലിലെത്തി ജൂനിയർ ഡോക്ടർമാരെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.