ന്യൂഡൽഹി: കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അദാർ പൂനാവാല ട്വിററ്റിൽ എഴുതിയ കുറിപ്പ് നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്. '' അടുത്ത ഒരു വർഷത്തേക്ക് 80,000 കോടി രൂപ ചെലവഴിക്കാൻ കേന്ദ്ര സർക്കാറിൻെറ പക്കൽ പണം ഉണ്ടാവുമോ'' എന്നായിരുന്നു സിറം മേധാവിയുടെ ചോദ്യം. ''ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ എത്തിക്കാനായി ആരോഗ്യ മന്ത്രാലയത്തിന് അതാണ് വേണ്ടത്. നമ്മൾ നേരിടുന്ന വെല്ലുവിളിയും അതാണ്'' അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.
ട്വീറ്റ് കേന്ദ്ര സർക്കാറിനെതിരെയുള്ള ഒളിയമ്പാണെന്ന വ്യാഖ്യാനം വന്നതോടെ അദാർ പൂനാവാല കാര്യങ്ങൾ ഒന്നുകൂടെ വ്യക്തമാക്കി ഒരു മണിക്കൂറിനു ശേഷം മറ്റൊരു ട്വീറ്റു കൂടി പുറത്തുവിട്ടു. രാജ്യത്തിന് അകത്തും പുറത്തുമുള്ള വാക്സിൻ നിർമാതാക്കൾക്ക് രൂപരേഖയൊരുക്കി ഇന്ത്യ മാതൃകയാവേണ്ടതിനാലാണ് ഈ ചോദ്യം ചോദിക്കാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാൽ, അദാർ പൂനാവാലയുടെ ട്വീറ്റിന് നിരവധി പേർ പ്രതികരണവുമായി എത്തി. സർക്കാറിന് ആയുധങ്ങൾ വാങ്ങിക്കൂട്ടാനാണ് താൽപര്യമെന്നും വാക്സിന് വേണ്ടി എന്തിന് പണം നീക്കിവെക്കണമെന്നും ചിലർ ചോദിച്ചു. 'സർക്കാർ നേരത്തെ തന്നെ
ആത്മനിർഭർ പ്രഖ്യാപിച്ചതല്ലേ... പിന്നെ എന്തിനാണ് 80,000 കോടി രൂപ. വാക്സിൻ വാങ്ങാൻ പറ്റുന്നവർ വാങ്ങുക. അല്ലാത്തവർ കിടന്നു മരിക്കുക' മറ്റൊരാൾ റ്വീട്വീറ്റ് ചെയ്തു.
ഓക്ഫഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനിൽ പരീക്ഷിക്കുന്ന അവസാന ഘട്ടത്തിലാണ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.