ന്യൂഡൽഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തിൽ ആശുപത്രി കിടക്കകളുടെ അഭാവവും ഓക്സിജൻ ക്ഷാമവും മൂലം ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് ഡൽഹി. കഴിഞ്ഞദിവസങ്ങളിലായി പ്രതിദിനം 300 കോവിഡ് രോഗികളാണ് ഇവിടെ മരിച്ചുവീഴുന്നത്. മരണനിരക്ക് ഉയർന്നതോടെ ശ്മശാനങ്ങൾക്ക് പുറത്ത് ഉറ്റവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കളുടെ നീണ്ട നിരയും കാണാനായിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് നായ്ക്കൾക്കായി പണിത ശ്മശാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനുള്ള ഇടമാക്കിയിരിക്കുകയാണ് അധികൃതർ. ദ്വാരക സെക്ടർ 29ൽ മൂന്നു ഏക്കറിലാണ് ശ്മശാനം. നായ്ക്കൾക്കായി തയാറാക്കിയ ശ്മശാനത്തിൽ മനുഷ്യ മൃതദേഹം ദഹിപ്പിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണെന്ന് തെക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.
ആറുമാസം മുമ്പാണ് ഇവിടെ ശ്മശാനം പണിതത്. അതിനാൽ തന്നെ പ്രവർത്തനക്ഷമമായിരുന്നില്ലെന്നും താൽക്കാലിക സംവിധാനം ഒരുക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ഡൽഹിയിൽ പ്രതിദിനം സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം 15 മുതൽ 20 ശതമാനം വരെ ഉയരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിനം മരണസംഖ്യ ആയിരം വരെ ഉയർന്നേക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ ശ്മശാനങ്ങളുടെ ശേഷി വർധിപ്പിക്കുന്നത്. മരണനിരക്ക് ഉയർന്നതോടെ പാർക്കുകളിലും ശ്മശാനങ്ങളുടെ പാർക്കിങ് പ്രദേശത്തും താൽകാലിക സംവിധാനം അധികൃതർ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.