ഹൈദരാബാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിൽ വ്യാജ പണപ്പിരിവ് വെബ്സൈറ്റ് നിർമിച്ച യുവാവിനെ ഹൈദരാബാദ് പൊലീസ് സൈബർ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂർ സ്വദേശി സുരേന്ദ്ര ചൗധരി (22)യാണ് പിടിയിലാതെന്ന് സൈബർ ക്രൈം ജോയിന്റ് കമ്മീഷണർ എ.വി രംഗനാഥ് അറിയിച്ചു.
ഓൺലൈനായി സംഭാവന സ്വീകരിക്കാൻ കോൺഗ്രസ് ‘DonateINC.net’ എന്ന പേരിൽ യഥാർഥ വെബ്‌സൈറ്റ് നടത്തുന്നുണ്ട്. ഈ വെബ്സൈറ്റ് വഴി ഇതിനകം 16.15 കോടിരൂപയാണ് പാർട്ടി സമാഹരിച്ചത്. ഇതിനെ അനുകരിച്ച് ‘DonateINC.co.in’ എന്ന പേരിലാണ് സുരേന്ദ്ര ചൗധരി വ്യാജ പോർട്ടൽ. സംഭവത്തിൽ ജനുവരി 10ന് കോൺഗ്രസ് പ്രതിനിധികൾ സൈബർ ക്രൈം പൊലീസിന് പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിലാണ് വ്യാജന്റെ കേന്ദ്രമെന്ന് മനസ്സിലായത്. പിന്നാലെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് സംഘം രാജസ്ഥാനിൽ പോയി പ്രതിയെ പിടികൂടുകയായിരുന്നു.
യഥാർത്ഥ സംഭാവന പോർട്ടലായ DonateINC.net എന്നതിൽ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരെ വ്യാജ സൈറ്റിലേക്ക് എത്തിച്ച് വഞ്ചിക്കുകയായിരുന്നു തട്ടിപ്പുകാർ. ഇത് യഥാർഥ വെബ്‌സൈറ്റാണെന്ന് വിശ്വസിച്ച് നിരവധി പേർ പണം സംഭാവന ചെയ്തതായി സൈബർ ക്രൈം പൊലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
നേരത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലും സമാന തട്ടിപ്പ് അരങ്ങേറിയിരുന്നു.'ഡൊണേറ്റ് ഫോർ ദേശ്' എന്ന കോൺഗ്രസിന്റെ ക്രൗഡ് ഫണ്ടിങ് കാമ്പയ്‌ന്റെ പേരിലുള്ള DonateforDesh.org എന്ന ഡൊമൈൻ വാങ്ങിയാണ് ബി.ജെ.പി തട്ടിപ്പ് നടത്തിയത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ ബി.ജെ.പി വ്യാജ ഡൊമെയ്‌നുകൾ സൃഷ്‌ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവും പാർട്ടി സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോം ചെയർപേഴ്‌സണുമായ സുപ്രിയ ശ്രീനാഥ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.