ന്യൂഡൽഹി: വിദേശ ധനസഹായം സംബന്ധിച്ച് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ന്യൂസ് പോർട്ടലായ 'ന്യൂസ് ക്ലിക്കി'ന്‍റെ എഡിറ്ററും ഉടമയുമായ പ്രഭിർ പുർകായസ്തയെ ആഗസ്റ്റ് അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈകോടതി. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് 71 കാരനായ പ്രഭിറിനോട് ജസ്റ്റിസ് യോഗേഷ് ഖന്ന നിർദേശിച്ചു.
ന്യൂസ് ക്ലിക്കിന്‍റെ ഉടമസ്ഥരായ പി.പി.കെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 2018- 19 സാമ്പത്തിക വർഷം അമേരിക്കയിലെ വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ്സ് എൽഎൽസിയിൽ നിന്ന് 9.59 കോടി രൂപ വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിച്ചുവെന്നാണ് കേസ്. ഒരു ഡിജിറ്റൽ ഇൻഫർമേഷൻ വെബ് സൈറ്റിന് സ്വീകരിക്കാവുന്ന എഫ്.ഡി.ഐ പരിധി മൂലധനത്തിന്‍റെ 26 ശതമാനമാണെന്നും ന്യൂസ് ക്ലിക് ഇത് ലഘിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച വിവിധ നിയമങ്ങൾ ന്യൂസ് ക്ലിക്ക് ലംഘിച്ചതായും രാജ്യത്തിന് നഷ്ടമുണ്ടാക്കിയതായും പൊലീസ് പറഞ്ഞു.
2009ൽ ആരംഭിച്ച ന്യസ്‌ക്ലിക്ക് ഡോട്ട് ഇൻ രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിയ വാർത്താ വെബ്സൈറ്റാണെന്ന് പുർകായസ്ത കോടതിയെ ബോധിപ്പിച്ചു. ''ഡിജിറ്റൽ വാർത്താ മാധ്യമങ്ങളിൽ വിദേശനിക്ഷേപത്തിന് 26% എന്ന നിയന്ത്രണം 2019 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. തങ്ങൾ നിക്ഷേപം സ്വീകരിച്ച 2018ൽ വിദേശ നിക്ഷേപത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് വിവര-പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്ന് തനിക്ക് വിശദീകരണം ലഭിച്ചിട്ടുണ്ട്'' -അദ്ദേഹം കോടതിയിൽ അറിയിച്ചു.
ഇടതുപക്ഷ നിലപാടുള്ള വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്കിൽ മുമ്പും നിരവധി തവണ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ന്യൂസ്‍ക്ലിക്ക് ഓഫിസിലും പ്രഭിറിന്‍റെ വസതിയിലും ദിവസങ്ങളോളം നീണ്ട റെയ്ഡ് നടത്തിയതിനെതിരെ എഡിറ്റേഴ്സ് ഗിൽഡും വിവിധ പാർട്ടികളും രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ന്യൂസ്‌ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രഭിർ പുർകായസ്ത ജെ.എൻ.യു വിദ്യാർഥിയായിരിക്കെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടയാളാണ്. പുരോഗമനപരവും സ്വതന്ത്രവുമായ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഇഡി റെയ്ഡിലൂടെ നടക്കുന്നതെന്ന് ന്യൂസ്ക്ലിക്ക് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.