ന്യൂഡൽഹി: തന്നെ രാഷ്ട്രപതിയാക്കി ഉത്തർപ്രദേശിൽ ഭരണത്തിലെത്താമെന്ന മോഹം സമാജ്‍വാദി പാർട്ടി ഉപേക്ഷിക്കുകയാണ് നല്ലതെന്ന് മായാവതി. തനിക്ക് രാഷ്ട്രപതിയാകേണ്ട. വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയോ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയോ ആയാൽ മതിയെന്നും മായാവതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചുകൊടുത്തതിന് പ്രത്യുപകാരമായി ബി.ജെ.പി രാഷ്ട്രപതിയാക്കുമോ എന്ന് നോക്കിയിരിക്കുകയാണ് മായാവതി എന്ന് കഴിഞ്ഞ ദിവസം സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.
ഇതിന് മറുപടിയായാണ് മായാവതി ഇങ്ങനെ പറഞ്ഞത്. അതിനിടെ, മായാവതിയുടെ അടുത്ത സഹായിയും ബ്രാഹ്മണ സമുദായ നേതാവുമായ ബി.എസ്.പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പാർട്ടിയുടെ ഏക എം.എൽ.എ ശങ്കർ സിങ്ങുമൊത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകെയാണ് അവർ വാർത്തസമ്മേളനം വിളിച്ചത്.
താനൊരിക്കലും രാഷ്ട്രപതി പദം സ്വപ്നം കണ്ടിട്ടില്ല. സുഖപ്രദമായ ജീവിതത്തിന് പകരം പോരാട്ട ജീവിതമാണ് ആഗ്രഹിക്കുന്നത്. അതു കൊണ്ട് വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആകുകയോ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകുകയോ ആണ് സ്വപ്നം. മുസ്ലിംകൾക്കെതിരായ എല്ലാ അതിക്രമങ്ങൾക്കും കാരണം സമാജ്‍വാദി പാർട്ടിയാണെന്നും മായാവതി ആരോപിച്ചു. തങ്ങളുടെ കാലത്തുണ്ടാക്കിയ സ്മാരകങ്ങൾ എസ്.പിയുടെയും ബി.ജെ.പിയുടെയും ഭരണകാലത്ത് അവഗണിച്ചതിനെതിരെ സംസ്ഥാന സർക്കാറിന്‍റെ ശ്രദ്ധ ക്ഷണിക്കാനാണ് സതീഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടതെന്നും മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.