ന്യൂഡൽഹി: ഉത്തർപ്രദേശിൽ 'ലവ് ജിഹാദ്' നിയമനിർമാണത്തിന് വഴിയൊരുക്കിയ വിവാദ സിംഗ്ൾ ബെഞ്ച് വിധി തിരുത്തി അലഹബാദ് ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് പുതിയ വിധി പുറപ്പെടുവിച്ചു. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച പ്രായപൂർത്തിയായ ഹിന്ദുവിെൻറയും മുസ്ലിമിെൻറയും ബന്ധത്തെ ഭരണകൂടത്തിനും കുടുംബത്തിനും നിയമപരമായി എതിർക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പങ്കജ് നഖ്വി, വിവേക് അഗർവാൾ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. സമാനമായ കേസിൽ സംഘ് പരിവാർ ഏറ്റെടുത്ത സിംഗ്ൾ ബെഞ്ച് വിധി നല്ലതല്ലെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് സലാമത്ത് അൻസാരിയെയും പ്രിയങ്ക ഖർവറിനെയും ജീവിക്കാൻ വിടണമെന്ന് വിധിച്ചു.
പ്രിയങ്ക ഖർവറിനെയും സലാമത്ത് അൻസാരിയെയും ഹിന്ദുവും മുസ്ലിമുമായല്ല, വളർച്ചപ്രാപിച്ച രണ്ട് വ്യക്തികളായാണ് കാണുന്നതെന്ന് ബെഞ്ച് വിശദീകരിച്ചു. അവർക്ക് അവരുടേതായ ഇഷ്ടങ്ങളും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഒരു വർഷമായി അവർ സമാധാനത്തോടെയും സന്തോഷത്തോടെയും ഒരുമിച്ചു ജീവിക്കുകയാണ്. ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പുനൽകിയതാണ്.
അവെൻറയും അവളുടെയും ഇഷ്ടപ്രകാരമുള്ള വ്യക്തിക്കൊപ്പം ജീവിക്കാനുള്ള അവകാശം ഇതിലടങ്ങിയിട്ടുണ്ട്. അതിൽ ഇടങ്കോലിടുന്നത് രണ്ട് വ്യക്തികളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്. പ്രായപൂർത്തിയായ ഒരാൾക്ക് മറ്റൊരാളുടെ കൂടെ ജീവിക്കാനുള്ള അവകാശം തീർത്തും വ്യക്തിപരമാണ്. ഇത് നിഷേധിക്കപ്പെടുന്നത് ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിെൻറ ലംഘനമാണ്. ഈ മൗലികാവകാശം ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും അന്തസ്സോടെ ജീവിക്കുന്നതിനും ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുഛേദം നൽകിയതാണ്. പ്രായപൂർത്തിയായ വ്യക്തിയുടെ സ്വാതന്ത്ര്യം സുപ്രീംകോടതി സ്ഥിരമായി ആദരിച്ചതാണെന്ന് പറയാൻ കേരളത്തിലെ ഹാദിയ കേസ് ബെഞ്ച് ഉദ്ധരിച്ചു.
വിവാഹത്തിനായുള്ള മതം മാറ്റം സ്വീകാര്യമല്ലെന്ന അലഹബാദ് ഹൈകോടതി സിംഗ്ൾ ബെഞ്ച് ഈ വർഷം സെപ്റ്റംബറിൽ പുറപ്പെടുവിച്ച വിധി ശരിയായ നിയമമല്ലെന്ന് ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. വിവാഹം കഴിക്കാനായി ഇസ്ലാം മതം സ്വീകരിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് വിവാഹ ജീവിതത്തിന് കോടതിയുടെ സംരക്ഷണം തേടിയ അഞ്ച് ജോടി ദമ്പതികളുടെ ഹരജികൾ അന്ന് സിംഗ്ൾ ബെഞ്ച് ഒരുമിച്ച് തള്ളുകയായിരുന്നു. ഇസ്ലാമിനെ കുറിച്ചും വിശ്വാസാചാരങ്ങളെ കുറിച്ചും ഒരു വിവരവുമില്ലാതെ മുസ്ലിം ചെറുപ്പക്കാർക്ക് വേണ്ടി ഹിന്ദു യുവതികൾ മതം മാറിയതാണെന്നും സിംഗ്ൾ ബെഞ്ച് ആരോപിച്ചിരുന്നു. എന്നാൽ, ഇതിനെ വിമർശിച്ച ഡിവിഷൻ ബെഞ്ച് 18 വയസ്സ് കഴിഞ്ഞ പെൺകുട്ടികളുടെ ആഗ്രഹവും അഭിലാഷവും അന്വേഷിച്ചറിയേണ്ട ബാധ്യത കോടതികൾക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി. വളർന്നുവലുതായ ഒരു വ്യക്തിയുടെ ഇഷ്ടത്തെ അംഗീകരിക്കാതിരിക്കൽ മാത്രമല്ല അത്. നാനാത്വത്തിൽ ഏകത്വമെന്ന സങ്കൽപത്തിനുള്ള ഭീഷണിയാണെന്നും അലഹബാദ് ഹൈകോടതി സ്വന്തം സിംഗ്ൾ ബെഞ്ചിനെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.