ഇനി റെയിൽവേ ട്രാക്കും വിറ്റു തുലക്കരുത് - ലാലു പ്രസാദ്

പട്ന: നരേന്ദ്ര മോദി സർക്കാർ റെയിൽവേയെ തകർത്തുവെന്ന് ആരോപിച്ച് വിമർശനവുമായി മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്. ഇനി ട്രാക്കുംകൂടിയേ വിൽക്കാനുള്ളൂ എന്നും ലാലു പരിഹസിച്ചു.

‘മോദിയുടെ എൻ.ഡി.എ സർക്കാർ റെയിൽവേ നിരക്കുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വിലയും വർധിപ്പിച്ചു. സ്റ്റേഷനുകൾ വിറ്റു. ജനറൽ ബോഗികളുടെ എണ്ണം കുറച്ചു. വയോജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നിർത്തി. റെയിൽവേ സുരക്ഷ വെട്ടിക്കുറച്ചിരിക്കുന്നു. അതിനാൽ അപകടങ്ങൾ ദിനംപ്രതി സംഭവിക്കുന്നു. റെയിൽവേ നഷ്ടം സഹിക്കുകയാണെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. ഇനി അവർ റെയിൽവേ ട്രാക്കുകൾകൂടി വിൽക്കുമോ?- രാഷ്ട്രീയ ജനതാ ദൾ നേതാവും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ ലാലു ‘എക്സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു. വർധിച്ചുവരുന്ന റെയിൽവേ അപകടങ്ങളിൽ ലാലു നേരത്തെ ആശങ്ക പ്രകടിപ്പിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

2004നും 2009 നും ഇടയിൽ യു.പി.എ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു ആർ.ജെ.ഡി തലവൻ. ഇന്ത്യൻ പൊതുമേഖലാ ഭീമൻ പാപ്പരത്തത്തിലേക്ക് നീങ്ങിയ സമയത്ത് റെയിൽവേയെ പുനരുജ്ജീവിപ്പിച്ചതി​ന്‍റെ ബഹുമതി അദ്ദേഹം നേടി. ലാലുവി​ന്‍റെ കീഴിൽ റെയിൽവേയുടെ വഴിത്തിരിവ് ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകളിൽ പഠന വിഷയമായി മാറി.

2004ൽ ലാലു ചുമതലയേൽക്കുമ്പോൾ റെയിൽവേയുടെ മിച്ചം വെറും 880 കോടി രൂപയായിരുന്നു. എന്നാൽ, 2007 ആയപ്പോഴേക്കും 11,500 കോടി രൂപയായി ഉയർന്നു. അറ്റവരുമാനം 4,000 കോടി രൂപയിൽ നിന്ന് 16,000 കോടി രൂപയായി. യാത്രക്കാർക്കുള്ള സേവനത്തിലും ചരക്ക് ഗതാഗതത്തിലും വൻ മുന്നേറ്റമുണ്ടായി. മെച്ചപ്പെട്ട കാര്യക്ഷമതക്കും പേരുകേട്ടു.

എന്നാൽ, ലാലു ത​ന്‍റെ ഭരണകാലത്ത് ഭൂമി കുംഭകോണത്തിൽ ആരോപണ വിധേയനായി. കേസിൽ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകൾ ന്യൂഡൽഹിയിലെ റൂസ് അവന്യൂവിലെ പ്രത്യേക കോടതികൾ പരിഗണിക്കുകയാണ്. ലാലുവി​ന്‍റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മൂത്ത മകളും പാട്‌ലീപുത്ര എം.പിയുമായ മിസ ഭാരതി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. റൂസ് അവന്യൂ കോടതിയിൽ ലാലു, തേജസ്വി, തേജ് പ്രതാപ് എന്നിവർ തിങ്കളാഴ്ച ഹാജരാകുമെന്ന് കരുതുന്നു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും ഇത് പ്രധാനമന്ത്രി മോദിയുടെ പരാജയമായി കാണണമെന്നും ലാലു ഊന്നിപ്പറഞ്ഞു. ‘ഇത് നരേന്ദ്ര മോദിയുടെ പരാജയമായിരിക്കും’. പട്‌നയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലാലുവിനൊപ്പമുണ്ടായിരുന്ന മിസയും എക്‌സിറ്റ് പോളുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. മിക്കവയും സൂചിപ്പിക്കുന്നത് ആർ.ജെ.ഡി സഖ്യകക്ഷിയായ കോൺഗ്രസ് ഹരിയാനയെ ബി.ജെ.പിയിൽനിന്ന് പിടിച്ചെടുക്കുമെന്നാണ്. ഞങ്ങളുടെ പാർട്ടിയുടെ ഭാഗമായ ഇൻഡ്യാ ബ്ലോക്കി​ന്‍റെ വിജയമായാണ് ഞാനിതിനെ കാണുന്നത്. ഹരിയാനയിൽ ജനങ്ങളുടെ സർക്കാറാണ് ഭരിക്കാൻ പോകുന്നതെന്നും മിസ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഹരിയാനയിലെ ഫലം പുറത്തുവരിക.

Tags:    
News Summary - Don't sell rail tracks next: Lalu Prasad slams PM Modi over rising number of train accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.