ന്യൂഡൽഹി: ജൂലൈ മുതൽ ഡബിൾ ഡെക്കർ ട്രെയിനുകൾ ഇറക്കാൻ ഇന്ത്യൻ റെയിൽവെ തീരുമാനം. ഏറ്റവും തിരക്കുള്ള റൂട്ടുകളിൽ എ.സി ഡബിൾ ഡെക്കർ സർവീസുകൾ ആരംഭിക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്. 'ഉദയ്' എന്ന് പേരുള്ള ഈ എ.സി ട്രെയിനുകളിലെ കോച്ചുകളിൽ 120 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. യാത്രികർക്ക് ചായ, കാപ്പി, ഭക്ഷണം എന്നിവ നൽകാനുള്ള വെൻഡിങ് മെഷിനുകളും ഉണ്ടായിരിക്കും.
ഡൽഹി-ലക്നൗ പോലുള്ള ഏറ്റവും തിരക്കേറിയ റൂട്ടികളിലായിരിക്കും ഉദയ് സർവീസുകൾ നിലവിൽ വരിക. മെയിൽ- എക്സ്പ്രസ് ട്രെയിനുകളിലെ മൂന്നാം ക്ളാസ് എ.സി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവ ഈടാക്കുക. കോച്ചുകളിലോരോന്നിലും വലിയ എൽ.സി.ഡി സ്ക്രീനുകളും വൈഫൈ സ്പീക്കർ സിസ്റ്റവും ഉണ്ടായിരിക്കും.
മറ്റ് ട്രെയിനുകളേക്കാൾ നാൽപത് ശതമാനം യാത്രക്കാരെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്നതിനാൽ ഈ റൂട്ടുകളിലുള്ള തിരക്ക് വലിയ തോതിൽ കുറക്കാൻ ഉദയ് ട്രെയിനുകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
രാത്രിയാത്രയാണെങ്കിൽ പോലും ഉദയ് ട്രെയിനുകളിൽ സ്ളീപ്പർ ബെർത്തുകൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ യാത്ര സുഖകരമാകുന്നതിനുള്ള മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റെയിൽവെയുടെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.