വിവാഹ വേദിയിൽ സ്ത്രീധനം നൽകുന്ന സാധനങ്ങളുടെ നീണ്ട ലിസ്റ്റ് വായിക്കുന്ന വിഡിയോ വൈറൽ. വധുവിന്‍റേയും വരന്‍റേയും കുടുംബങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട സാധനങ്ങളുടെ പട്ടിക ഒരാൾ പ്രഖ്യാപിക്കുന്നതായാണ് വിഡിയോയിലുള്ളത്. നോയിഡയിൽ നടന്ന വിവാഹത്തിൽ സമ്മാനങ്ങൾ എന്ന പേരിലാണ് ലിസ്റ്റ് വായിക്കുന്നത്. ഒരു ബെൻസ് E200 ആഡംബര സെഡാൻ, ടൊയോട്ട ഫോർച്യൂണർ എസ്‌യുവി, 1.25 കിലോ സ്വർണം, ഏഴു കിലോ വെള്ളി തുടങ്ങിയ സാധനങ്ങളാണ് ലിസ്റ്റിലുള്ളത്.
വിനിത് ഭാട്ടി എന്ന യൂസറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വിഡിയോ പങ്കിട്ടത്. ഹ്രസ്വ വിഡിയോയിൽ, ഒരാൾ കൈമാറ്റം ചെയ്യപ്പെടുന്ന സമ്മാനങ്ങളുടെ ലിസ്റ്റ് ഒരു പേപ്പർ ഷീറ്റിൽ നോക്കി ഉറക്കെ വായിക്കുന്നത് കാണാം. ഇതിന് പിന്നാലെ വിവാഹത്തിന് 51 ലക്ഷം രൂപയും 21 ലക്ഷം രൂപയും നൽകിയതായി മറ്റൊരാൾ അറിയിക്കുന്നു. സമ്മാനങ്ങളുടെ ചിത്രവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് സമ്മാനങ്ങളല്ലെന്നും ഈ ലൈവ് സ്ത്രീധന കൈമാറ്റം ദയനീയമാണെന്നും നിരവധി നെറ്റിസൺസ് പോസ്റ്റിന് താഴെ കുറിച്ചു. ഇതൊരു കല്യാണമല്ലെന്നും പകരം രണ്ട് കുടുംബങ്ങൾ തമ്മിൽ നടക്കുന്ന ബിസിനസ് ഇടപാട്/ കച്ചവടമാണെന്നും ചിലർ പറയുന്നു.
സ്ത്രീധന സമ്പ്രദായം നിരോധിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ രാജ്യത്ത് ഇന്നും ഇത് തഴച്ചുവളരുകയാണ്. സമ്മാനം എന്ന വ്യാജേനയാണ് വിവാഹ ചടങ്ങുകളിൽ സ്ത്രീധനം കൈമാറ്റം ചെയ്യുന്നത്. സാങ്കേതികമായി, വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ തമ്മിലുള്ള സമ്മാനം നിയമവിരുദ്ധമല്ല. എന്നിരുന്നാലും നേരിട്ടോ അല്ലാതെയോ സ്ത്രീധനം ചോദിക്കുന്നത് നിയമവിരുദ്ധം തന്നെയാണ്. ഇത് ചെയ്യുന്ന ആർക്കും ആറ് മുതൽ രണ്ട് വർഷം തടവ് ശിക്ഷയും ലഭിക്കും. സ്ത്രീധനം ചോദിക്കുന്നതു പോലെ തന്നെ നൽകുന്നതും ശിക്ഷാർഹമായ പ്രവൃത്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.