ന്യൂഡൽഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് യോഗി ആദിത്യനാഥ് അന്യായ തടങ്കലിലാക്കിയ ശിശുരോഗ വിദഗ്ധന്‍ ഡോക്ടർ കഫീൽ ഖാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സന്ദർശിച്ചു. കഫീൽ ഖാൻെറ ഭാര്യ ഡോ. ഷബിസ്ത ഖാൻ, ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, യു.പി ന്യൂനപക്ഷ സെൽ മേധാവി ഷാനവാസ് ഖാൻ എന്നിവരും കഫീൽ ഖാനൊപ്പമുണ്ടായിരുന്നു.
കഫീൽ ഖാന് തുടർന്നും സഹായങ്ങളും സുരക്ഷയും പ്രിയങ്കഗാന്ധി ഉറപ്പുനൽകിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിലേക്ക് താമസം മാറിയതെന്ന് നേരത്തേ കഫീല്‍ ഖാന്‍ പ്രതികരിച്ചിരുന്നു.
'പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു. ഞങ്ങള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്നും ഉറപ്പ് നൽകി. യു.പി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യു.പിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു' - കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.
ഡോ. കഫീല്‍ ഖാൻ ഈ മാസം ആദ്യമാണ് മോചിതനായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബര്‍ 13ന് അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചെന്ന കാരണം ചൊല്ലിയാണ് കഫീൽ ഖാനെ ദേശസുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.