ഡോ. വർഗീസ് കുര്യ‍ൻെറ തപാൽ സ്​റ്റാമ്പിന്, ഒടുവിൽ കേന്ദ്രത്തിൻെറ അനുമതി

ബംഗളൂരു: ഇന്ത്യയിലെ ധവള വിപ്ലവത്തിൻെറ പിതാവായ മലയാളി ഡോ. വർഗീസ് കുര്യന് ആദരമർപ്പിച്ചുള്ള തപാൽ വകുപ്പിൻെറ സ്​റ്റാമ്പ് പുറത്തിറക്കുന്നതിന് ഒടുവിൽ കേന്ദ്രാനുമതി ലഭിച്ചു.

2018 മുതൽ ശിവമൊഗ്ഗ സ്വദേശിയായ റിട്ട. ഡെയറി എൻജിനീയർ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് തപാൽ സ്​റ്റാമ്പ് പുറത്തിറക്കാൻ കേന്ദ്രത്തിൻെറ അനുമതി ലഭിച്ചത്. ശിവമൊഗ്ഗ, ദാവൻഗരെ, ചിത്രദുർഗ സഹകരണ മിൽക്ക് യൂനിയൻ ലിമിറ്റഡിൻെറ (ഷിമുൽ) മുൻ ഡെയറി എൻജിനീയറായ ഡി.വി. മല്ലികാർജുൻ ആണ് രാജ്യത്തെ കർഷകരുടെ പേരിൽ വർഗീസ് കുര്യന് ആദരമർപ്പിച്ചുകൊണ്ട് തപാൽ സ്​റ്റാമ്പ് പുറത്തിറക്കുന്നതിനായി കേന്ദ്രത്തിന് അപേക്ഷ നൽകിയത്. അപേക്ഷയുടെ പുരോഗതി തേടി ഇക്കഴിഞ്ഞ മാർച്ചിലും മല്ലികാർജുൻ പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് കത്തയച്ചിരുന്നു. നിർദേശം പരിഗണനയിലാണെന്ന മറുപടിയാണ് തപാൽ വകുപ്പിൽനിന്നും കേന്ദ്രത്തിൽനിന്നും ലഭിച്ചത്.

വർഗീസ്​ കുര്യ​െൻറ ചെന്നൈയിൽ താമസിക്കുന്ന മകൾ നിർമല കുര്യനാണ് അനുമതി ലഭിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി മല്ലികാർജുൻ കഴിഞ്ഞ ദിവസം അറിയിച്ചത്. വർഗീസ് കുര്യ​െൻറ 100ാം ജന്മവാർഷികാഘോഷത്തിൻെറ ഭാഗമായി നവംബർ 26ന് സ്​റ്റാമ്പ് പുറത്തിറക്കുമെന്നും തപാൽ വകുപ്പ് അറിയിച്ചു. രാജ്യത്തെ ക്ഷീര മേഖലക്കും ലക്ഷക്കണക്കിന് ക്ഷീര കർഷകർക്കുമുള്ള ആദരമാണിതെന്നും മൂന്നു വർഷത്തെ പ്രയത്​നമാണ് ഇപ്പോൾ സഫലമായതെന്നും മല്ലികാർജുൻ പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ ഡോ. വർഗീസ് കുര്യൻ ഇന്ത്യൻ ക്ഷീര വികസന ബോർഡിൻെറ സ്ഥാപകനും ആദ്യ ചെയർമാനുമാണ്. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യമായി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ച വർഗീസ് കുര്യൻ ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിൻെറ ചെയർമാനായി 34 വർഷമാണ് പ്രവർത്തിച്ചത്.


Tags:    
News Summary - Dr. Varghese Kurien's postage stamp, finally approved by the Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.