ഇലയനക്കം പോലും അറിയും; ചെങ്കോട്ടക്ക് കാവലൊരുക്കിയത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ

ന്യൂഡൽഹി: അത്യാധുനിക സുരക്ഷാ സംവിധാനത്തോടെയാണ് ചെങ്കോട്ടയിലെ 74ാമത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകൾ ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത ചടങ്ങിന്‍റെ സുരക്ഷയ്ക്കായി സൈനികർ, പൊലീസുകാർ എന്നിവർക്കൊപ്പം കാവൽ നിന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങളായിരുന്നു. മൾട്ടി ലെയർ സുരക്ഷക്കൊപ്പം കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികളും ഡൽഹിയിലും പരിസരത്തും കർശനമാക്കിയിരുന്നു.


ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) നിർമിച്ച ആന്‍റി ഡ്രോൺ സിസ്റ്റം വരെ സുരക്ഷക്കായി ചെങ്കോട്ടക്കരികെ സജ്ജമാക്കിയിരുന്നു. ആന്‍റി ഡ്രോൺ സംവിധാനത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താൻ കഴിയും. പുറമെ ഇതിലെ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒന്നര കിലോമീറ്റർ പരിധിക്കുള്ളിൽ പറക്കുന്ന ഡ്രോണുകളെ പ്രവർത്തനരഹിതമാക്കാനും സാധിക്കും. രാജ്യത്ത് ഡ്രോൺ ഉപയോഗിച്ചുള്ള വിധ്വംസക പ്രവൃത്തികൾ വർധിച്ചുവരുന്ന സഹാചര്യത്തിലാണ് ഡി.ആർ.ഡി.ഒ ഡ്രോൺ പ്രതിരോധ സംവിധാനം വികസിപ്പിച്ചത്.

കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. എൻ.എസ്.ജി സ്നിപ്പേഴ്സ്, സ്വാറ്റ് കമാൻഡോകൾ എന്നിവരുൾപ്പെടെ നാലായിരത്തോളം സൈനികരാണ് ചെങ്കോട്ടയ്ക്ക് ചുറ്റും കാവലൊരുക്കിയത്. പരിപാടിയിൽ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാൻ പ്രധാന കവാടങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവും സ്ഥാപിച്ചിരുന്നു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മുന്നോറോളം കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇതു നിരീക്ഷിക്കാൻ പ്രത്യേക സംഘവുമുണ്ടായിരുന്നു.


വി.വി.ഐ.പികൾ ഉൾപ്പെടെ നാലായിരത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു വിവരം. എല്ലാ പ്രവേശന കവാടത്തിലും തെർമൽ സ്ക്രീനിങ് ഉൾപ്പെടെ സംവിധാനമുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ ചെങ്കോട്ടയും പരിസരവും അണുമുക്തമാക്കുകയും ചെയ്തിരുന്നു. നഗരത്തിലെ റോഡ്-പൊതുഗതാഗത സംവിധാനത്തിൽ കർശന നിയന്ത്രണങ്ങളാണ് വരുത്തിയത്.

ഇന്ന്​ അയൽക്കാരുമായി നാം അതിർത്തി പങ്കിടുക മാത്രമല്ല ചെയ്യുന്നത്​. ബന്ധത്തിലെ ഐക്യം കൊണ്ട്​ നാം അവരുമായി ഹൃദയ ബന്ധം കാത്തുസൂക്ഷിക്കുന്നു. രാജ്യത്തിന്‍റെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ സൈന്യം അതിന് ഉചിതമായ മറുപടി നല്‍കി. എല്‍.എ.സി (യഥാർഥ നിയന്ത്രണരേഖ) മുതല്‍ എല്‍.ഒ.സി (നിയന്ത്രണരേഖ) വരെയുള്ള ഇടങ്ങളില്‍ രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരെ തിരിഞ്ഞവര്‍ക്ക് സൈന്യം അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ഉചിതമായി തന്നെ മറുപടി നല്‍കിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യ സമര പോരാളികളുടെ ത്യാഗം സ്​മരിക്കുകയും നമ്മുടെ സുരക്ഷ ഉറപ്പാക്കുന്ന സൈനിക, അർധ സൈനിക, പൊലീസ്​ ഉൾപ്പെടെയുള്ള രക്ഷാസേനകളോട്​ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യേണ്ട ദിനമാണിതെന്നും മോദി പറഞ്ഞിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.